ബെംഗളൂരു: കര്‍ണാടകത്തിലെ തീരദേശ ജില്ലകളിലും മംഗളൂരുവിലും ആര്‍.എസ്.എസ്, ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച സംഘടിപ്പിച്ച ബൈക്ക് റാലി പോലീസ് തടഞ്ഞു.

വിവിധ ജില്ലകളില്‍നിന്നായി 'മംഗളൂരു ചലോ' എന്ന പേരില്‍ ബൈക്ക് റാലി നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. ഇത് നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തവ് ലംഘിച്ച നേതാക്കളും പ്രവര്‍ത്തകരുമാണ് ബെംഗളൂരുവില്‍ അറസ്റ്റിലായത്. വിവിധ ജില്ലകളില്‍നിന്നായി നൂറുകണക്കിന് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു നീക്കി.

ബെംഗളൂരുവില്‍ പ്രതിഷേധത്തിനിടെ ശോഭ കരന്തലജെ എം.പിയുടെ കൈയ്ക്ക് പരിക്കേറ്റു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബി.എസ്.യെദ്യൂരപ്പ റാലി ഉദ്ഘാടനത്തിനെത്തിയില്ല. രാമനഗര, കനകപുര, കോലാര്‍, ഹുബ്ബള്ളി, കലബുര്‍ഗി, ബെലഗാവി, ബെല്ലാരി എന്നിവിടങ്ങളിലും റാലി പോലീസ് തടഞ്ഞു. ആക്രമണ സാധ്യത മുന്നില്‍ക്കണ്ട് മൈസൂരുവില്‍ ബുധനാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ബൈക്ക് റാലിക്കായി ബെംഗളൂരു ഫ്രീഡം പാര്‍ക്കിന്ല്‍ വന്‍ ഒരുക്കങ്ങളാണ് ബി.ജെ.പി. നടത്തിയത്. റാലി തടയണമെന്ന സര്‍ക്കാര്‍ ഉത്തരവിനെത്തുടര്‍ന്ന് സായുധസേന അടക്കം വന്‍സുരക്ഷാസന്നാഹവും രംഗത്തുണ്ടായിരുന്നു.

മുന്‍ ഉപമുഖ്യമന്ത്രിയും ബി.ജെ.പി.നേതാവുമായ ആര്‍.അശോക് റാലി ഉദ്ഘാടനം ചെയ്‌തെങ്കിലും പോലീസ് നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റു ചെയ്തു നീക്കി. എം.പിമാരായ ശോഭ കരന്തലജെ, പ്രതാപ് സിങ്, എം.എല്‍.എ.മാരായ അരവിന്ദ് ലിംബാവലി, സുരേഷ് കുമാര്‍ എന്നിവരുള്‍പ്പെടെ നൂറ്ു കണക്കിന് പേരെ അറസ്റ്റു ചെയ്തു നീക്കി. പോലീസും ബി.ജെ.പി. നേതാക്കളും തമ്മില്‍ രൂക്ഷമായ വാക്തര്‍ക്കവുമുണ്ടായി.

ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലായി 18 ഹിന്ദു സംഘടന പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച സംഘടനകളെ നിരോധിക്കണമെന്നാണ് ബി.ജെ.പി.യുടെ ആവശ്യം. മംഗളൂരു ജില്ലയുടെ ചുമതലയുള്ള മന്ത്രി രാമനാഥ് റായ് രാജിവെക്കണമെന്നും പാര്‍ട്ടി ആവശ്യമുന്നയിച്ചു.

ജനാധിപത്യത്തെ അടിച്ചമര്‍ത്തുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും പ്രതിഷേധത്തെ സര്‍ക്കാര്‍ ഭയക്കുകയാണെന്നും ആര്‍.അശോക് കുറ്റപ്പെടുത്തി. ജനാധിപത്യപരമായി പ്രതിഷേധിക്കുന്നതിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ജഗദീഷ് ഷെട്ടാര്‍ അഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡിയുമായി ചര്‍ച്ച നടത്തിയെങ്കിലും ബൈക്ക് റാലിക്ക് അനുമതി നല്‍കാനിവില്ലെന്ന് അറിയിക്കുകയായിരുന്നു. സംസ്ഥാനത്തെ ക്രമസമാധന നില തകരുമെന്നതിനാലാണ് റാലിക്ക് അനുമതി നിഷേധിച്ചതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.