ന്യൂഡൽഹി: പശ്ചിമബംഗാളിൽ കോൺഗ്രസുമായി ചേർന്നുള്ള സഖ്യം കനത്ത തിരിച്ചടി നേരിട്ടതോടെ ഇടതുപക്ഷത്ത് ആശയപരമായി പുതിയ യുദ്ധമുഖം തുറക്കുന്നു. ബംഗാളിലെ തിരഞ്ഞെടുപ്പുതന്ത്രത്തിലെ പാളിച്ചകൾ വിശദമായി പരിശോധിക്കാൻ സി.പി.എം. പൊളിറ്റ്ബ്യൂറോ തീരുമാനിച്ചു. രാഷ്ട്രീയമായും നയപരമായും സംഭവിച്ച പിഴവുകൾ ആത്മപരിശോധനയ്ക്കു വിധേയമാക്കുമെന്ന് ഒരു പ്രമുഖ പി.ബി.യംഗം ‘മാതൃഭൂമി’യോടു പറഞ്ഞു. ബി.ജെ.പി.യെ ശക്തമായി എതിർക്കുന്ന തൃണമൂൽ കോൺഗ്രസിനെ അയിത്തം കല്പിച്ചു മാറ്റിനിർത്തിയതിൽ സി.പി.ഐ.യിലും വിമർശനം രൂക്ഷമായി.

ബി.ജെ.പി.യെയും തൃണമൂലിനെയും മുഖ്യശത്രുക്കളായി പ്രഖ്യാപിച്ചായിരുന്നു കോൺഗ്രസും ഇടതുപക്ഷവും ചേർന്നുള്ള സംയുക്തമോർച്ച. ബംഗാളിന്റെ ചരിത്രത്തിലാദ്യമായി നിയമസഭയിൽ ഒറ്റസീറ്റുപോലുമില്ലാതെ ഇടതുപക്ഷം തകർന്നടിഞ്ഞു. ബി.ജെ.പി.യെ മുഖ്യശത്രുവായി കണ്ടുള്ള പ്രചാരണം തൃണമൂലിന് ഗുണംചെയ്തെന്ന്‌ സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ളവർ വാദിക്കുന്നുണ്ടെങ്കിലും പാർട്ടി ഔദ്യോഗികമായി ഇത്തരമൊരു നിലപാടെടുത്തിട്ടില്ല. ബി.ജെ.പി.യെ പരാജയപ്പെടുത്തലായിരുന്നു ജനങ്ങളുടെ ആഗ്രഹമെന്ന് പി.ബി. വിലയിരുത്തി. ഇത്‌ ബി.ജെ.പി.-തൃണമൂൽ ധ്രുവീകരണത്തിനു വഴിവെച്ചു. ഈ ബലാബലത്തിൽ സംയുക്തമോർച്ച നിഷ്കാസിതമായെന്നും പി.ബി. വിലയിരുത്തി. ഇടതുപക്ഷത്തിന്റെ തിരിച്ചടി സ്വയംവിമർശനപരമായി വിലയിരുത്തി ആവശ്യമായ പാഠം ഉൾക്കൊള്ളുമെന്നും പി.ബി. പ്രസ്താവിച്ചു.

ബംഗാളിൽ കോൺഗ്രസുമായി കൈകോർക്കൽ തുടക്കംമുതലേ സി.പി.എമ്മിൽ തർക്കത്തിനു വഴിവെച്ചിരുന്നു. ബി.ജെ.പി.ക്കെതിരേ മതേതര-ജനാധിപത്യപാർട്ടികളുടെ സഖ്യത്തിന് ശക്തമായി വാദിച്ചയാളാണ് യെച്ചൂരി. ബംഗാളിൽ നടപ്പായത് ഈ അടവുനയമായിരുന്നു. അതുപിഴച്ചെന്ന്‌ തിരഞ്ഞെടുപ്പുഫലം തെളിയിച്ചെന്നാണ് മറുപക്ഷത്തിന്റെ വാദം. ഇതോടെ, ബംഗാളിലെ പോസ്റ്റ്‌മോർട്ടം പാർട്ടിക്കുള്ളിൽ യെച്ചൂരി-കാരാട്ട് പക്ഷങ്ങളുടെ ഏറ്റുമുട്ടലിനു വഴിവെക്കുമെന്ന് ഉറപ്പായി. കേരളത്തിലെ തുടർഭരണവും ഇതിനുകരുത്താവും.

ഇന്ത്യയിലെ ഇടതുപക്ഷത്തിനുമുന്നിൽ ബംഗാളിലെ അനുഭവങ്ങൾ ഗൗരവമേറിയ ചോദ്യങ്ങളുന്നയിക്കുന്നുണ്ടെന്ന് സി.പി.ഐ. ദേശീയ സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഒരു രാഷ്ട്രീയ ദശാസന്ധിയിൽ മുഖ്യശത്രു ആരെന്ന ചോദ്യം നിർണായകമാണ്. അതിന് ഉത്തരം കണ്ടുപിടിക്കാൻ ശ്രമിക്കുമ്പോൾ രണ്ടു മുഖ്യശത്രുക്കളെ ഒരുപോലെ കണ്ടെത്തിയതിൽ പാളിച്ചപറ്റിയിട്ടുണ്ടോയെന്ന് ഇടതുപക്ഷത്തിന്റെ ബന്ധുക്കൾ ചോദിക്കുന്നു. ആത്മനിഷ്ഠമായ മുൻവിധികൾ മാറ്റിനിർത്തി അത്തരം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തി ഇടതുപക്ഷം മുന്നോട്ടുപോവും. ഒരു പരാജയംകൊണ്ട് ചരിത്രം അവസാനിച്ചുവെന്ന് ചിന്തിക്കുന്നവരല്ല ഇടതുപക്ഷക്കാരെന്നും ബംഗാളിലെ പരാജയത്തെക്കുറിച്ചുള്ള ചോദ്യത്തോട് ബിനോയ് വിശ്വം പ്രതികരിച്ചു.