ന്യൂഡൽഹി: ഭിക്ഷാടനം വിലക്കാനാവില്ലെന്നും അത് സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളുടെ ഫലമാണെന്നും സുപ്രീംകോടതി.

ആരും ആഗ്രഹിച്ചിട്ടല്ല തെരുവിൽ ഭിക്ഷയാചിക്കുന്നതെന്നും സുപ്രീംകോടതിക്ക് ‘ശ്രേഷ്ഠ വിഭാഗ’മായി ചിന്തിക്കാനാവില്ലെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി. ഭിക്ഷാടനം ക്രിമിനൽക്കുറ്റമാക്കുന്ന വകുപ്പുകൾ റദ്ദാക്കിക്കൊണ്ട് 2018-ൽ ഡൽഹി ഹൈക്കോടതിയും സമാനമായ പരാമർശം നടത്തിയിരുന്നു.

കോവിഡ് കാലത്ത് പൊതുസ്ഥലങ്ങളിലും തെരുവുകളിലും ഭിക്ഷാടനം തടയാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് കുഷ് കൽറ നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. ഇക്കാര്യത്തിൽ ഇടപെടാനാഗ്രഹിക്കുന്നില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. അതേസമയം, യാചകരെ പുനരധിവസിപ്പിക്കണമെന്നും അവർക്ക് വാക്സിനേഷൻ നൽകണമെന്നുമുള്ള ആവശ്യത്തിൽ കേന്ദ്രത്തോടും ഡൽഹി സർക്കാരിനോടും സുപ്രീംകോടതി മറുപടിതേടി.

ട്രാഫിക് ജങ്ഷനുകൾ, ചന്തകൾ, തെരുവുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ ഭിക്ഷാടകരെത്തുന്നത് കോവിഡ് വ്യാപനത്തിന് കാരണമാകുമെന്നും അതിനാൽ അവർക്ക് വാക്സിനേഷൻ നൽകി പുനരധിവസിപ്പിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.

എന്നാൽ, മറ്റുമാർഗമില്ലാത്തതുകൊണ്ടാണ് ആളുകൾ തെരുവിലിറങ്ങുന്നതെന്ന് സുപ്രീംകോടതി പറഞ്ഞു. ഭിക്ഷാടകരെ നമ്മുടെ കൺമുന്നിൽനിന്ന് മാറ്റണമെന്ന് ഉത്തരവിടാനാവില്ല. അതിനാൽ ഇക്കാര്യത്തിൽ സർക്കാരിന് നോട്ടീസയച്ചാൽ, സുപ്രീംകോടതിയും അതാഗ്രഹിക്കുന്നു എന്നാണ് അർഥമാക്കുക -ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി.

ഭിക്ഷാടകരുടെ പുനരധിവാസമെന്ന ആവശ്യത്തിനാണ് ഊന്നൽ നൽകുന്നതെന്ന് ഹർജിക്കാരൻ പറഞ്ഞപ്പോൾ അക്കാര്യത്തിൽമാത്രം നോട്ടീസയക്കാൻ ബെഞ്ച് തയ്യാറായി. കേസ് രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.

ഭിക്ഷാടനം 20 സംസ്ഥാനങ്ങളിൽ കുറ്റകരം

ഭിക്ഷാടനത്തിന് ശിക്ഷ നൽകാൻ രാജ്യത്ത് കേന്ദ്രനിയമമൊന്നുമില്ല. എന്നാൽ, 1959-ലെ ബോംബെ ഭിക്ഷാടനം തടയൽ നിയമത്തിന്റെ ചുവടുപിടിച്ചോ അല്ലാതെയോ 20 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളും ഇതിനായി നിയമം പാസാക്കിയിട്ടുണ്ട്.

അവിടെ പൊതുസ്ഥലത്ത് ഭിക്ഷാടനം നടത്തുന്നതുകണ്ടാൽ പോലീസ് ഉദ്യോഗസ്ഥർക്ക് വാറന്റില്ലാതെതന്നെ അറസ്റ്റുചെയ്യാം. സ്വകാര്യസ്ഥലത്താണെങ്കിൽ ഉടമയുടെ പരാതിവേണം. അറസ്റ്റിലായവരെ സർക്കാർ നിശ്ചയിച്ചിരിക്കുന്ന പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റും. മൂന്നുവർഷംവരെ ഇവരെ തടവിൽവെക്കാം. കുറ്റം ആവർത്തിച്ചാൽ പത്തുവർഷംവരെ ശിക്ഷലഭിക്കാം. എന്നാൽ, പ്രതി വീണ്ടും ഭിക്ഷാടനം നടത്തില്ലെന്ന് ബോധ്യപ്പെട്ടാൽ കോടതിക്ക് വെറുതേവിടാം.

2010-ൽ കോമൺവെൽത്ത് ഗെയിംസിന് മുന്നോടിയായി ഡൽഹിയിൽ ഒട്ടേറെ യാചകരെ ജയിലിലാക്കിയിരുന്നു. ബോംബെയിലെ നിയമമാണ് ഡൽഹിയിൽ ബാധകം. എന്നാൽ, 2018-ലെ ഹൈക്കോടതിവിധിയിലൂടെ ഡൽഹിയിൽ ഭിക്ഷാടനം ക്രിമിനൽക്കുറ്റമല്ലാതായി.

കേരളത്തിൽ 1945-ലെ മദ്രാസ് ഭിക്ഷാടനം തടയൽ നിയമം, 1120-ലെ തിരുവിതാംകൂർ നിയമം, 1120-ലെ കൊച്ചി നിയമം എന്നിവപ്രകാരമാണ് ഈ വിഷയം കൈകാര്യംചെയ്യുന്നത്. കേരളത്തിലെ പഞ്ചായത്തീരാജ് നിയമത്തിലെ ചട്ടങ്ങളിലും ഭിക്ഷാടനം നിരോധിക്കുന്നതിന് വ്യവസ്ഥകളുണ്ട്.

Content Highlights: Begging can't be banned says Supreme Court