ചെന്നൈ: റിയാലിറ്റി ഷോയായ ബിഗ്‌ബോസിൽ അവതാരകനായത് രാഷ്ട്രീയ പ്രവർത്തനത്തിന് പണം കണ്ടെത്താനാണെന്ന് മക്കൾ നീതി മയ്യം (എം.എൻ.എം.) നേതാവും നടനുമായ കമൽഹാസൻ.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ധാരാളംപണം ആവശ്യമുണ്ട്. വലിയപ്രതിഫലം ലഭിക്കുന്ന ബിഗ് ബോസ് പോലെയുള്ള ഷോയിൽ പങ്കെടുക്കുന്നത് ഇതിനുവേണ്ടിയാണ്. ഹെലികോപ്റ്ററിൽ യാത്രചെയ്ത് പ്രചാരണം നടത്തുന്നത് ഇത്തരത്തിൽ ലഭിക്കുന്നപണം ഉപയോഗിച്ചാണെന്നും കമൽ പറഞ്ഞു.

കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ എം.എൻ.എം. സ്ഥാനാർഥിയായി മത്സരിക്കുന്ന കമൽഹാസൻ തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ വീണ്ടും സിനിമയിൽ അഭിനയിക്കാൻപോകേണ്ടി വരുമെന്ന് എതിർസ്ഥാനാർഥിയായ ബി.ജെ.പി. നേതാവ് വാനതി ശ്രീനിവാസൻ പരിഹസിച്ചിരുന്നു.

അഭിനയം അത്രമോശപ്പെട്ട കാര്യമല്ലെന്നും അത് തൊഴിലാണെന്നും രാഷ്ട്രീയത്തെ വരുമാനമാർഗമായി കാണുന്നില്ലെന്നുമായിരുന്നു കമൽ പ്രതികരിച്ചത്. പിന്നീട് ഹെലികോപ്റ്ററിൽ സഞ്ചരിക്കുന്നതിനെ വിമർശിച്ചപ്പോളാണ് പുതിയ വിശദീകരണം.

content highlights: became bigboss anchor to acquire money for political activities says kamal haasan