മുംബൈ: ടൗട്ടേ ചുഴലിക്കാറ്റിനെപ്പറ്റി വ്യക്തമായ മുന്നറിയിപ്പുകിട്ടിയിട്ടും മുൻകരുതലുകളെടുക്കാതിരുന്നതാണ് അറബിക്കടലിൽ ബാർജ് മുങ്ങി ഒട്ടേറെപ്പേർ മരിക്കാനിടയാക്കിയതെന്ന് രക്ഷപ്പെട്ടവർ പറയുന്നു. അപകടത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ഒ.എൻ.ജി.സി. ഉൾപ്പെടെയുള്ള അധികൃതർക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് എൻ.സി.പി. നേതാവും മന്ത്രിയുമായ നവാബ് മാലിക് പറഞ്ഞു.

ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിച്ച തിങ്കളാഴ്ച മുംബൈയിൽനിന്ന് 35 നോട്ടിക്കൽ മൈൽ അകലെ കടലിൽ മുങ്ങിപ്പോയ പി-305 ബാർജിൽ എണ്ണഖനനവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്ന 261 പേരാണ് ഉണ്ടായിരുന്നത്.

ചുഴലിക്കാറ്റ് വരുന്നുണ്ടെന്ന് ഒരാഴ്ചമുമ്പുതന്നെ മുന്നറിയിപ്പു കിട്ടിയിരുന്നെന്നും ബാർജിന്റെ ക്യാപ്റ്റൻ വേണ്ട നടപടിയെടുത്തില്ലെന്നും പി-305ന്റെ ചീഫ് എൻജിനിയർ റഹ്മാൻ ശൈഖ് പറഞ്ഞു. കടലിൽവീണ ശൈഖിനെ നാവികസേനയാണ് രക്ഷപ്പെടുത്തിയത്. ക്യാപ്‌റ്റൻ ബൽവിന്ദർ സിങ്ങിനെ ഇനിയും കണ്ടെത്തിയിട്ടില്ല.

ഒ.എൻ.ജി.സി.ക്കുവേണ്ടി എണ്ണഖനനം നടത്തുന്ന തൊഴിലാളികളുടെ പാർപ്പിടകേന്ദ്രമായാണ് പി-305 ബാർജ് ഉപയോഗിച്ചിരുന്നത്. കടലിൽ നങ്കൂരമിട്ടുകിടക്കുന്ന കൂറ്റൻ ചങ്ങാടമായ ബാർജിന് എൻജിനില്ല.

ബോട്ടിൽ കെട്ടിവലിച്ചാണ് അത് തീരത്തെത്തിക്കുന്നത്. കാറ്റ് വരുന്നതിനുമുമ്പ് കരയടുക്കാമെന്ന് താൻ ക്യാപ്റ്റനോട് പറഞ്ഞിരുന്നെങ്കിലും കാറ്റിന് വലിയ ശക്തിയുണ്ടാവില്ലെന്നുപറഞ്ഞ് അദ്ദേഹം അത് അവഗണിക്കുകയായിരുന്നെന്ന് റഹ്മാൻ ശൈഖ് പറഞ്ഞു. നൂറുകിലോമീറ്ററിലേറെ വേഗത്തിൽ കാറ്റുവീശാൻ തുടങ്ങിയപ്പോൾ ബോട്ട് എത്തിക്കാൻ അടിയന്തരസന്ദേശം നൽകിയെങ്കിലും ഫലമുണ്ടായില്ല. നാവികസേനയുടെ കപ്പൽ എത്തുമ്പോഴേക്ക് നങ്കൂരം പൊട്ടി ബാർജ് പുറംകടലിലേക്ക് നീങ്ങിയിരുന്നു. വൈകാതെ മുങ്ങുകയുംചെയ്തു.

ചുഴലിക്കാറ്റ് വരുന്നെന്ന് മുന്നറിയിപ്പുകിട്ടിയിട്ടും ബാർജിലുള്ളവരെ എന്തുകൊണ്ടാണ് ഒ.എൻ.ജി.സി കരയ്ക്കെത്തിക്കാതിരുന്നതെന്ന് മന്ത്രി നവാബ് മാലിക് ചോദിച്ചു. തീരപ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റാൻ സംസ്ഥാനസർക്കാരും പ്രാദേശിക ഭരണകൂടങ്ങളും നടപടിയെടുത്തിരുന്നു. എന്നാൽ, കടലിൽക്കിടക്കുന്ന ബാർജിലുള്ളവരുടെ കാര്യത്തിൽ ഇത്തരമൊരു മുൻകരുതലുണ്ടായില്ല. ബാർജ് മുങ്ങുന്നതിനുമുമ്പ് രക്ഷാപ്രവർത്തനം നടത്തിയതുമില്ല.

ചുഴലിക്കാറ്റ് വരുന്നെന്നറിഞ്ഞിട്ടും മുൻകരുതലെടുക്കാതിരുന്നവർക്കെതിരേ നടപടിയെടുക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനോട് എൻ.സി.പി. വക്താവുകൂടിയായ നവാബ് മാലിക് ആവശ്യപ്പെട്ടു. മുന്നറിയിപ്പുണ്ടായിട്ടും ഇത്രയധികം ജീവനക്കാർ കടലിൽ ബാർജുകളിൽത്തന്നെ കഴിഞ്ഞതിനെക്കുറിച്ച് അന്വേഷണം നടത്താൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് ഉത്തരവിട്ടിട്ടുണ്ട്.