ബെംഗളൂരു: തമിഴ്‌നാട്ടിലെ അമ്മ കാന്റീന്‍ മാതൃകയില്‍ ബെംഗളൂരുവില്‍ കുറഞ്ഞവിലയ്ക്ക് ഭക്ഷണം ലഭ്യമാക്കുന്ന ഇന്ദിരാ കാന്റീന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നഗരവാസികള്‍ക്കായി തുറന്നുകൊടുത്തു.

ജയനഗറിലെ ഇന്ദിരാ കാന്റീനില്‍ നടന്ന ഉദ്ഘാടനച്ചടങ്ങിനുശേഷം രാഹുല്‍ അവിടെനിന്ന് പ്രഭാതഭക്ഷണവും കഴിച്ചു. പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷണം നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആത്മാര്‍ഥതയെ അദ്ദേഹം അഭിനന്ദിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഒപ്പമുണ്ടായിരുന്നു.

ഇന്ദിരാ കാന്റീനില്‍ അഞ്ചുരൂപയ്ക്ക് പ്രഭാതഭക്ഷണവും പത്തു രൂപയ്ക്ക് ഉച്ചഭക്ഷണവും രാത്രിഭക്ഷണവും കഴിക്കാം. ആദ്യഘട്ടത്തില്‍ 101 വാര്‍ഡുകളിലാണ് കാന്റീന്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ബെംഗളൂരു നഗരസഭ(ബി.ബി.എം.പി.)യുടെ പരിധിയിലെ 198 വാര്‍ഡുകളിലും ഇന്ദിരാ കാന്റീന്‍ തുറക്കും.

സംസ്ഥാനത്ത് ഒരാള്‍ പോലും പട്ടിണി കിടക്കരുതെന്ന ഉദ്ദേശ്യത്തോടെയാണ് പദ്ധതി തുടങ്ങിയതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തന്റെ മുത്തശ്ശിയുടെ പേര് പദ്ധതിക്ക് ഇട്ടത് നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ ഭൂരിഭാഗംപേരും നിര്‍മാണത്തൊഴിലാളികളും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും മറ്റു ദിവസവേതനക്കാരുമാണ്. ഇങ്ങനെയുള്ള ആയിരക്കണക്കിനുപേര്‍ക്ക് ഇന്ദിരാ കാന്റീന്‍ വലിയ ആശ്വാസമാകും. ദരിദ്രരും ദുര്‍ബലരുമായവര്‍ പട്ടിണി കിടക്കാതിരിക്കാനാണ് പദ്ധതി തുടങ്ങിയതെന്നും രാഹുല്‍ പറഞ്ഞു.

വൃത്തിക്കും ഭക്ഷണത്തിന്റെ ഗുണമേന്മയ്ക്കും പ്രാധാന്യം നല്‍കണമെന്ന് രാഹുല്‍ ഗാന്ധി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ അന്നഭാഗ്യ പദ്ധതിയുടെ ഭാഗമായാണ് ഇന്ദിരാ കാന്റീന്‍ ആരംഭിച്ചതെന്നും സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഇന്ദിരാ കാന്റീനെ എതിര്‍ക്കുന്നവര്‍ വികസനവിരോധികളാണെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി കെ.ജെ. ജോര്‍ജ്, മേയര്‍ ജി. പത്മാവതി, കെ.പി.സി.സി. പ്രസിഡന്റ് ജി. പരമേശ്വര, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഓരോ കാന്റീനിലും മൂന്നുനേരവും 300 മുതല്‍ 500 പേര്‍ക്കുവരെ ഭക്ഷണം ലഭ്യമാക്കും. ആവശ്യമനുസരിച്ച് ഭക്ഷണത്തിന്റെ അളവ് കൂട്ടും. ബെംഗളൂരുവിലാകെ ദിവസേന ഒരു ലക്ഷത്തോളംപേര്‍ക്ക് ഇന്ദിരാ കാന്റീനില്‍നിന്ന് ഭക്ഷണം ലഭിക്കും.