: കേരളമുൾപ്പെടെ ആറു സംസ്ഥാനങ്ങളിൽ ബംഗ്ലാദേശ് ഭീകരസംഘടനയായ ജമാ അത്തുൽ മുജാഹിദ്ദീൻ ബംഗ്ലാദേശിന്റെ (ജെ.എം.ബി.) ശക്തമായ സാന്നിധ്യമുണ്ടെന്നും ബെംഗളൂരുവിൽ 22 താവളങ്ങളുണ്ടെന്നും ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ).

ബംഗ്ലാദേശികുടിയേറ്റക്കാർ എന്ന വ്യാജേന ഇവർ കേരളം, കർണാടകം, തമിഴ്‌നാട്, മഹാരാഷ്ട്ര, ബിഹാർ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കുകയാണ്. കൃഷ്ണഗിരി മലനിരകളിലും തമിഴ്‌നാട്-കർണാടക അതിർത്തികളിലും ഇവർ അത്യുഗ്രസ്ഫോടന ശേഷിയുള്ള ഐ.ഇ.ഡി.യും റോക്കറ്റ് ലോഞ്ചറും പരീക്ഷിച്ചു. എൻ.ഐ.എ. തിങ്കളാഴ്ച ഡൽഹിയിൽ വിളിച്ചുചേർത്ത ഭീകരവിരുദ്ധ സ്ക്വാഡ് തലവന്മാരുടെ യോഗത്തിൽ ഡയറക്ടർ ജനറൽ യോഗേഷ് ചന്ദ് മോദിയും ഐ.ജി. അലോക് മിത്തലുമാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

ജെ.എം.ബി. നേതാക്കളെന്നു സംശയിക്കുന്ന 125 പേരുടെ വിവരങ്ങൾ ശേഖരിച്ച് ബന്ധപ്പെട്ട സംസ്ഥാനങ്ങൾക്കു കൈമാറിയിട്ടുണ്ടെന്ന് എൻ.ഐ.എ. മേധാവി യോഗത്തിൽ പറഞ്ഞു. ജെ.എം.ബി. 2007 മുതൽ ഇന്ത്യയിലേക്കു കടന്നുകയറുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശ് കുടിയേറ്റക്കാർ എന്ന വ്യാജേനയാണിത്. ബംഗാൾ, അസം സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തകരെ റിക്രൂട്ട് ചെയ്യൽ, മതതീവ്രവാദ പരിശീലനം, ഭീകരവാദ പ്രവർത്തനപരിശീലനം എന്നിവ നടത്തുന്നുണ്ട്.

2014-ൽ ബംഗാളിലെ ബർദ്വാനിലുണ്ടായ സ്ഫോടനത്തിൽ ചില ഭീകരരെ അറസ്റ്റു ചെയ്തപ്പോഴാണ് ജെ.എം.ബി. യുടെ സാന്നിധ്യം കണ്ടെത്തിയത്. ബിഹാറിലെ ബോധ്ഗയയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ടവരെ അറസ്റ്റു ചെയ്തപ്പോഴും ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടു. ബർദ്വാൻ സ്ഫോടനത്തിനുശേഷം കുറച്ചു ഭീകരർ ആദ്യം ജാർഖണ്ഡിലേക്കും പിന്നീട് ബെംഗളൂരുവിലേക്കും കടന്നു. തുടർന്ന് രാജ്യത്ത് പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ശ്രമം തുടങ്ങി.

ഈ ഭീകരസംഘം ബെംഗളൂരുവിൽ ഇരുപത്തിരണ്ടോളം ഒളിത്താവളങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് ഐ.ജി. അലോക് മിത്തൽ പറഞ്ഞു. മൂന്നുപ്രാവശ്യമെങ്കിലും അവർ റോക്കറ്റ് ലോഞ്ചർ പരീക്ഷിച്ചു. 2014-നും ’18-നും ഇടയിലാണ് ബെംഗളൂരുവിൽ ഒളിത്താവളങ്ങൾ ഉണ്ടാക്കിയത്. കേരളത്തിലെ ചില പ്രദേശങ്ങൾ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, തമിഴ്‌നാട്ടിലെ ചില പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഇവർ ക്യാമ്പുകളും യോഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. മ്യാന്മാറിലെ മുസ്‌ലിം അഭയാർഥികളുടെ ദുരവസ്ഥയിൽ പ്രതികാരം ചെയ്യുന്നതിന് ബുദ്ധക്ഷേത്രങ്ങൾ ആക്രമിക്കാനായിരുന്നു പദ്ധതി.

സംശയാസ്പദമായ സാഹചര്യത്തിൽ 130 പേർ ജെ.എം.ബി. നേതൃത്വവുമായി നിരന്തരം ബന്ധപ്പെടുന്നതിന്റെ തെളിവു ലഭിച്ചിട്ടുണ്ടെന്നും എന്നാൽ, വിചാരണ ചെയ്യാവുന്ന തരത്തിലുള്ളവയല്ലിതെന്നും ഐ.ജി. അറിയിച്ചു. എങ്കിലും ഈ ഭീകരരുടെ ഗൂഢപദ്ധതികൾ പൊളിക്കാനുള്ള നടപടികൾ എൻ.ഐ.ഐ. കൈക്കൊണ്ടതായി അദ്ദേഹം പറഞ്ഞു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ കേരളത്തെ പ്രതിനിധാനംചെയ്ത് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പങ്കെടുത്തു.

ഐ.എസ്. ബന്ധമുള്ള 127 പേർ അറസ്റ്റിൽ

ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള 127 പേരെ ഇതുവരെ രാജ്യത്ത് അറസ്റ്റുചെയ്തതായി ഐ.ജി. അലോക് മിത്തൽ യോഗത്തെ അറിയിച്ചു. ഇതിൽ 17 പേർ കേരളത്തിൽ നിന്നുള്ളവരാണ്.

സംശയമുള്ളവരുടെ പേരുകൾ ബന്ധപ്പെട്ട അന്വേഷണ ഏജൻസികൾക്കു കൈമാറിയിട്ടുണ്ട്. ഏറെപേരും സക്കീർ നായിക്കിന്റെ പ്രസംഗത്തിലും ശ്രീലങ്കയിലെ ഈസ്റ്റർ സ്ഫോടനപരമ്പര ആസൂത്രണം ചെയ്ത മൗലവി സഹ്‌റാൻ ഹാഷ്മിയുടെ പ്രസംഗത്തിലും ആകൃഷ്ടരായാണ് ഇസ്‌ലാമിക് സ്റ്റേറ്റിൽ ചേർന്നതെന്നും അദ്ദേഹം പറഞ്ഞു.

content highlights: Bangladeshi terror group JMB spreading tentacles in kerala