ന്യൂഡൽഹി: ബാലാകോട്ടിലെ ജെയ്ഷെ മുഹമ്മദ് ഭീകരകേന്ദ്രത്തിലെ മിന്നലാക്രമണത്തിന്റെ ഉപഗ്രഹ ചിത്രങ്ങളും റഡാർ ദൃശ്യങ്ങളും വ്യോമസേന സർക്കാരിന് കൈമാറി. ബോംബാക്രമണം 80 ശതമാനത്തോളം ലക്ഷ്യം കണ്ടു. ബാക്കിയുള്ളവ സമീപപ്രദേശങ്ങളിൽ പതിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യൻ സേന പൈൻമരങ്ങൾ നിറഞ്ഞ കാട്ടിലാണ് ബോംബിട്ടതെന്ന പാകിസ്താന്റെ അവകാശവാദത്തെയും പാശ്ചാത്യ മാധ്യമ റിപ്പോർട്ടുകളെയും പ്രതിരോധിക്കുന്ന തെളിവുകളാണ് സർക്കാരിന് നൽകിയിട്ടുള്ളതെന്നാണ് സൂചന. ബാലാകോട്ടിൽ മരിച്ചവരുടെ എണ്ണം സംബന്ധിച്ച് ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിൽ വാക്‌പോര് നടക്കുന്നതിനിടയിലാണ് വ്യോമസേന തെളിവ് കൈമാറിയിട്ടുള്ളത്. ആക്രമണം നടന്നാൽ തെളിവുനൽകുന്നത് ഔദ്യോഗിക കീഴ്‌വഴക്കമാണ്. സൈനികാക്രമണം നടക്കുന്ന സമയത്ത് ദൃശ്യങ്ങൾ പകർത്താൻ മാത്രമായി ചാരവിമാനം പറന്നിരുന്നു. ഇതിൽ ഘടിപ്പിച്ച റഡാർ സംവിധാനത്തിൽ പതിഞ്ഞ ദൃശ്യങ്ങളും ഉയർന്ന റെസലൂഷനിലുള്ള ഉപഗ്രഹ ചിത്രങ്ങളുമാണ് 12 പേജുവരുന്ന റിപ്പോർട്ടായി സമർപ്പിച്ചത്. മോശം കാലാവസ്ഥകാരണം ഉപഗ്രഹദൃശ്യങ്ങൾ വേണ്ടത്ര തെളിഞ്ഞിട്ടില്ലെന്നാണറിയുന്നത്. എന്നാൽ, റഡാർ ചിത്രങ്ങളിൽ ദൃശ്യങ്ങൾ വളരെ വ്യക്തമാണ്.

ബാലാകോട്ടിൽ ആക്രമണം നടത്തിയ മിറാഷ് 2000 വിമാനങ്ങളിൽ ഇസ്രായേൽ നിർമിത സ്പൈസ് 2000 പ്രിസിഷൻ ബോംബുകൾ ഘടിപ്പിച്ചിരുന്നു. ലക്ഷ്യങ്ങൾ തുളച്ചുകയറാനുള്ള മുനകളോട് കൂടിയ ഇവ ബാലാകോട്ടിലെ കെട്ടിടങ്ങളുടെ മേൽക്കൂര തുളച്ചുകയറിയതായും ഉള്ളിൽ സ്‌ഫോടനം നടന്നതായുമാണ് വ്യോമസേനാവൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

പാകിസ്താനിലെ ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിൽ ഫെബ്രുവരി 26-ന് പുലർച്ചെയാണ് വ്യോമസേന ആക്രമണം നടത്തിയത്.

content highlights: Balakot proof: Radar images airforce