പെദപരിമി (ആന്ധ്രാപ്രദേശ്): തലച്ചോറിലെ മുഴ നീക്കംചെയ്ത ശസ്ത്രക്രിയ നടത്തിയത് രോഗി സിനിമ കണ്ടുകിടന്നപ്പോള്‍. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലുള്ള സ്വകാര്യ ആസ്​പത്രിയിലായിരുന്നു ഇത്.

വിനയകുമാരി (43) എന്ന നഴ്‌സിന്റെ തലച്ചോറില്‍നിന്ന് ഒരു മുഴ നീക്കംചെയ്യാനാണ് ശസ്ത്രക്രിയ നടത്തിയത്. വേദന കുറയാന്‍ മരുന്നുനല്‍കിയെങ്കിലും വിനയകുമാരിയെ മയക്കിയില്ല. ഈ ശസ്ത്രക്രിയ അവര്‍ ബോധത്തോടെയിരിക്കുമ്പോള്‍ നടത്താനായിരുന്നു തീരുമാനം.

അവര്‍ക്ക് വളരെ ഇഷ്ടപ്പെട്ട സിനിമയായതുകൊണ്ട്, 'ബാഹുബലി 2' ലാപ്‌ടോപില്‍ കാണിച്ചു. അവര്‍ സിനിമ കണ്ടുവെന്നുമാത്രമല്ല, ഗാനരംഗമായപ്പോള്‍ ഒപ്പം മെല്ലെ പാടിയെന്നും ന്യൂറോസര്‍ജന്‍ ശ്രീനിവാസ് റെഡ്ഡി പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ഒന്നരമണിക്കൂറേ എടുത്തുള്ളൂവെന്നും കൂടുതല്‍ നേരമെടുത്തെങ്കില്‍ തനിക്ക് സിനിമ മുഴുവന്‍ കാണാമായിരുന്നുവെന്നും ശസ്ത്രക്രിയക്കുശേഷം അവര്‍ പറഞ്ഞു.

കഴിഞ്ഞ ജൂലായില്‍ ബെംഗളൂരുവില്‍ മറ്റൊരു രോഗിക്ക് തലച്ചോര്‍ ശസ്ത്രക്രിയ നടത്തിയത് അയാള്‍ ഗിറ്റാര്‍ വായിക്കവേയായിരുന്നു.