ന്യൂഡല്‍ഹി: അയോധ്യയിൽ ബാബറിമസ്‌ജിദ് നിലനിന്നിരുന്ന ഭൂമി രാമക്ഷേത്രം പണിയാൻ വിട്ടുനൽകിയ സുപ്രീംകോടതി വിധിക്കെതിരേ പുനഃപരിശോധനാ ഹർജി നൽകാൻ അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ് തീരുമാനിച്ചു. ഞായറാഴ്ച ലഖ്‌നൗവിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ‘ജമിയത്ത് ഉലമ ഐ ഹിന്ദ്’ എന്ന സംഘടനയും ഹർജി കൊടുക്കുന്നുണ്ട്.

എന്നാൽ തീരുമാനത്തോട് കേസിൽ കക്ഷിയായ യു.പി. സുന്നി വഖഫ് ബോർഡ് വിയോജിപ്പ് പ്രകടിപ്പിച്ചു. വിധിയെ ചോദ്യംചെയ്യില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് വഖഫ് ബോർഡ് ചെയർമാൻ സഫർ ഫാറൂഖി വ്യക്തമാക്കി.

ഭൂമിതർക്കക്കേസിൽ കക്ഷിയല്ലാത്ത വ്യക്തിനിയമ ബോർഡിന് പുനഃപരിശോധനാ ഹർജി നൽകാൻ കേസിലെ എട്ട് മുസ്‌ലിം കക്ഷികളിലാരുടെയെങ്കിലും സഹായം വേണം. വ്യക്തിനിയമബോർഡിന്റെ തീരുമാനത്തിനൊപ്പം നിൽക്കുമെന്ന് കക്ഷികളിലൊരാളായ മുഹമ്മദ് ഉമർ പറഞ്ഞു. ശരിഅത്ത് നിയമപ്രകാരം പള്ളിയുടെ സ്ഥലം അല്ലാഹുവിന്റേതാണെന്നും അതു മറ്റാർക്കും നൽകാനാവില്ലെന്നും വ്യക്തിനിയമ ബോർഡിന്റെ യോഗത്തിനുശേഷം സെക്രട്ടറി സഫര്യാബ് ജിലാനി വ്യക്തമാക്കി. കോടതിയനുവദിച്ച അഞ്ചേക്കർ ഏറ്റെടുക്കില്ലെന്നും മറ്റൊന്നും പള്ളിക്കുപകരമാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജമിയത്ത് ഉലമ ഐ ഹിന്ദിന്റെ ഞായറാഴ്ച നടന്ന പ്രവർത്തകസമിതി യോഗത്തിലാണ് പുനഃപരിശോധനാഹർജി നൽകാൻ തീരുമാനിച്ചത്. നിയമവിദഗ്ധരും അഭിഭാഷകരുമായി നടത്തിയ ചർച്ചകൾക്കു ശേഷമാണ് തീരുമാനം. മുസ്‌ലിം കക്ഷികൾക്ക് എതിരാണ് അയോധ്യാവിധിയെന്നും സംഘടന വിലയിരുത്തി.

അയോധ്യയിൽ തർക്കം നിലനിന്ന 2.77 ഏക്കർ ഭൂമി പൂർണമായും പ്രതിഷ്ഠയായ രാം ലല്ലയ്ക്ക് വിട്ടുകൊടുത്ത് നവംബർ ഒൻപതിനാണ് സുപ്രീംകോടതി വിധിച്ചത്. പള്ളി നിർമിക്കാൻ വഖഫ് ബോർഡിന് അയോധ്യാ നഗരത്തിൽതന്നെ ‘കണ്ണായ സ്ഥലത്ത്’ അഞ്ചേക്കർ നൽകാനും ഭരണഘടനാബെഞ്ച് ഉത്തരവിട്ടു. വിധിക്കെതിരേ വീണ്ടും കോടതിയെ സമീപിക്കുന്നതിനെ പ്രമുഖ പുരാവസ്തു വിദഗ്ധൻ കെ.കെ. മുഹമ്മദും വിമർശിച്ചു.

പുനഃപരിശോധന തുറന്നകോടതിയിലാകുമോ?

ഹർജികൾ പരിഗണിക്കാൻ തീരുമാനിച്ചാൽതന്നെ അവ ജഡ്ജിമാരുടെ ചേംബറിലാണ് സാധാരണയായി പരിശോധിക്കുക. വിധി പറഞ്ഞ ബെഞ്ചിലെ ജഡ്ജിമാർ അവരുടെ ചേംബറിൽ തീരുമാനമെടുക്കും. എന്നാൽ, ചില കേസുകളിൽ പുനഃപരിശോധനാ ഹർജികൾ തുറന്നകോടതിയിൽ കേൾക്കാറുണ്ട്. ശബരിമല, റഫാൽ കേസുകളിൽ അതാണു സംഭവിച്ചത്. പുനഃപരിശോധനാ ഹർജി നൽകുന്നവർ, തുറന്നകോടതിയിൽ കേൾക്കണമെന്ന അപേക്ഷയും ഒപ്പംവെക്കാറുണ്ട്. സാധാരണയായി അതു സ്വീകരിക്കാറില്ല.

വിധി പറഞ്ഞ ബെഞ്ചിലെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിരമിച്ചതിനാൽ അയോധ്യാ കേസിലെ പുനഃപരിശോധനാ ഹർജി കേൾക്കുന്ന ബെഞ്ചിൽ മറ്റൊരു മുതിർന്ന ജഡ്ജിയെത്തും. പുതിയ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെതന്നെയാകാം അത്. തുറന്നകോടതിയിൽ കേൾക്കണമെങ്കിൽ ബെഞ്ചിലെ ഭൂരിഭാഗം അംഗങ്ങളും തീരുമാനിക്കണം.

പുനഃപരിശോധിക്കണമെങ്കിൽ

വിധിയോട് ഹർജിക്കാരന് വിയോജിപ്പുണ്ടെന്നുകരുതി അത് പുനഃപരിശോധനാ ഹർജി സ്വീകരിക്കാൻ കാരണമല്ല. കോടതി പരിഗണിച്ച രേഖകളിൽ വ്യക്തമായ പിഴവ് സംഭവിച്ചെന്ന് ബോധ്യപ്പെടുത്താനാകണം. വിധി വീണ്ടും പരിശോധിക്കാനല്ല, അതിലെ പിഴവ് തിരുത്താനാണ് പുനഃപരിശോധനാ ഹർജി. സുപ്രീംകോടതിയുടെ ചട്ടപ്രകാരം വിധിവന്ന് 30 ദിവസത്തിനകം പുനഃപരിശോധനാ ഹർജി ഫയൽ ചെയ്യണം.

Content Highlights: aayodhya verdict; muslim personal law board will file review petition