അൽവർ: അയോധ്യക്കേസിൽ സുപ്രീംകോടതിയിൽ നടക്കുന്ന നടപടികളിൽ കോൺഗ്രസ് ഇടപെട്ടുവെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. അടുത്തവർഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പുവരെ കേസ് നീട്ടിക്കൊണ്ടുപോയില്ലെങ്കിൽ ഇംപീച്ച്‌മെന്റ് നേരിടേണ്ടിവരുമെന്ന് സുപ്രീംകോടതി ജഡ്ജിമാരെ കോൺഗ്രസിന്റെ രാജ്യസഭാ നേതാക്കൾ ഭീഷണിപ്പെടുത്തിയെന്ന് അദ്ദേഹം ആരോപിച്ചു. രാജസ്ഥാനിലെ അൽവറിൽ തിരഞ്ഞെടുപ്പുറാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കോൺഗ്രസ് നേതാക്കളുടെ നാണംകെട്ട തന്ത്രങ്ങൾ പരാജയപ്പെട്ടപ്പോൾ ജഡ്ജിമാരെ തങ്ങളുടെ വരുതിയിലാക്കുന്നതിന് ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കി. ഇത് അപകടകരമായ കളിയാണ്. നിയമനടപടി നിർത്തിവെക്കുന്നതിന് ഇംപീച്ച്‌മെന്റിന്റെ വഴിതേടി കോൺഗ്രസ് കുറ്റകൃത്യം ചെയ്യുകയാണ്. രാജ്യസഭയിലെ തങ്ങളുടെ ശക്തി ഉപയോഗിച്ച് അവർ രാജ്യത്തെ അടിമയാക്കുകയാണ് -മോദി പറഞ്ഞു.

പ്രമുഖരായ സുപ്രീംകോടതി അഭിഭാഷകർക്ക്‌ രാജ്യസഭാടിക്കറ്റ് കോൺഗ്രസ് വാഗ്ദാനം ചെയ്തു. അവർ ദിവസം മുഴുവൻ കോടതിയിലിരിക്കുകയും പിന്നീട് സഭയിലെത്തുകയും ചെയ്യുന്നു. രാജ്യസഭയിൽ ബി.ജെ.പി.ക്ക് ഭൂരിപക്ഷമില്ലാത്തതിനാൽ അവർ തങ്ങളുടെ നേട്ടം ഉപയോഗപ്പെടുത്തുകയാണ് -മോദി പറഞ്ഞു.

തനിക്കുനേരെ കോൺഗ്രസ് നടത്തുന്ന കടുത്ത വിമർശനങ്ങളെ കടന്നാക്രമിച്ച മോദി വികസനമെന്ന വിഷയത്തിൽ ചർച്ചനടത്താൻ കഴിയാത്തതിനാൽ രാഷ്ട്രീയത്തിലെ പാരമ്പര്യങ്ങളും മര്യാദകളും അവർ ഉപേക്ഷിക്കുകയാണെന്നും കൂട്ടിച്ചേർത്തു.