ന്യൂഡൽഹി: നൂറ്റാണ്ടിലേറെ പഴക്കമുള്ള അയോധ്യ ഭൂമിതർക്കക്കേസിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാബെഞ്ച് തീർപ്പുകല്പിച്ചു. ഹിന്ദുക്കൾ രാമജന്മഭൂമിയെന്നു വിശ്വസിക്കുന്ന തർക്കഭൂമിയിൽ ക്ഷേത്രം പണിയാമെന്ന് ബെഞ്ച് ഏകകണ്ഠമായി വിധിച്ചു. സുന്നി വഖഫ് ബോർഡിനു പള്ളിപണിയാൻ നഗരത്തിൽത്തന്നെ കണ്ണായസ്ഥലത്ത്‌ അഞ്ചേക്കർ ഭൂമി നൽകണം. തർക്കഭൂമിയുടെ അവകാശമുന്നയിച്ച് ഷിയാ വഖഫ് ബോർഡ് നൽകിയ ഹർജി കോടതി തള്ളി.

1992-ൽ ബാബറി മസ്ജിദ് തകർത്തതും 1949-ൽ അതിൽ വിഗ്രഹങ്ങൾ കൊണ്ടുവെച്ചതും ഹീനമായ നിയമലംഘനങ്ങളാണെന്നും വിധിയിൽ കുറ്റപ്പെടുത്തി. 16-ാം നൂറ്റാണ്ടിൽ നിർമിച്ച പള്ളി 1992 ഡിസംബർ ആറിനാണ് കർസേവകർ തകർത്തത്.

രാജ്യം ഉറ്റുനോക്കിയ വിധി

: ശനിയാഴ്ച രാവിലെ 10.30-നാണ് രാജ്യം ഉറ്റുനോക്കുന്ന കേസിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വിധി പ്രഖ്യാപിച്ചത്. ചീഫ് ജസ്റ്റിസിനുപുറമേ ജസ്റ്റിസുമാരായ എസ്.എ. ബോബ്‌ഡെ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ്.എ. നസീർ എന്നിവരാണ് ബെഞ്ചിലുണ്ടായിരുന്നത്.

മസ്ജിദ് നിലനിന്ന 2.77 ഏക്കർ സ്ഥലം നിർമോഹി അഖാഡയ്ക്കും സുന്നി വഖഫ് ബോർഡിനും പ്രതിഷ്ഠയായ രാം ലല്ലയ്ക്കും വീതിച്ചുനൽകിയ അലഹാബാദ് ഹൈക്കോടതി ഉത്തരവ് ബെഞ്ച് റദ്ദാക്കി. ക്ഷേത്ര നിർമാണത്തിനായി മൂന്നുമാസത്തിനകം കേന്ദ്ര സർക്കാർ ട്രസ്റ്റ് രൂപവത്കരിക്കണം. തർക്കമന്ദിരത്തിന്റെ അകത്തെയും പുറത്തെയും മുറ്റങ്ങൾ (കോർട്യാർഡ്) ഇനി ട്രസ്റ്റിനുകീഴിലാകും. ട്രസ്റ്റോ മറ്റു സംവിധാനമോ ഉണ്ടാക്കുന്നതുവരെ കേന്ദ്രം നിയോഗിക്കുന്ന റിസീവറിനുകീഴിലാകും ഭൂമി.

തർക്കമന്ദിരത്തിനു പുറത്തെ മുറ്റം കൈവശംവെച്ചിരുന്നത് തങ്ങളാണെന്നു തെളിയിക്കാൻ രാം ലല്ലയ്ക്കു സാധിച്ചതായി കോടതി പറഞ്ഞു. ഹിന്ദുക്കൾ തുടർച്ചയായി അവിടെ ആരാധന നടത്തിയിരുന്നു. രാമൻ അവിടെയാണു ജനിച്ചതെന്ന വിശ്വാസം ചോദ്യംചെയ്യാനാവില്ല. രാം ഛബൂത്ര, സീതാ രസോയി, ഭണ്ഡാരഗൃഹം എന്നിവയെല്ലാം അവരുടെ വിശ്വാസം ഉറപ്പിക്കുന്നതാണ്. എന്നാൽ, വിശ്വാസത്തിന്റെ മാത്രം അടിസ്ഥാനത്തിൽ ഭൂമിയുടെ അവകാശം സ്ഥാപിക്കാനാവില്ല.

അതേസമയം, തർക്കഭൂമിയിലെ അവകാശം സ്ഥാപിച്ചെടുക്കാൻ വഖഫ് ബോർഡിന് കഴിഞ്ഞില്ല. ക്ഷേത്രം പൊളിച്ചാണു പള്ളി നിർമിച്ചതെന്ന് പുരാവസ്തുവകുപ്പ് പറയുന്നില്ലെങ്കിലും ബാബറി മസ്ജിദിന് അടിയിലുണ്ടായിരുന്നത് ഇസ്‌ലാമിക സ്വഭാവമുള്ള കെട്ടിടമല്ലെന്ന് അവർ വ്യക്തമാക്കുന്നു. പുരാവസ്തുവകുപ്പ് നൽകുന്ന തെളിവുകളെ ഊഹം മാത്രമായി കാണുന്നത് അവരെ അവമതിക്കലാകും -കോടതി അഭിപ്രായപ്പെട്ടു.

ഇസ്‌ലാമികനിയമം അനുശാസിക്കുംവിധം നിർമിച്ചതല്ല ബാബറി മസ്ജിദെന്ന ഹിന്ദുകക്ഷികളുടെ വാദവും സുപ്രീംകോടതി തള്ളി. മുസ്‌ലിങ്ങൾ പള്ളി ഉപേക്ഷിച്ചിരുന്നില്ല. വെള്ളിയാഴ്ചകളിൽ അവിടെ പ്രാർഥന നടന്നിരുന്നു. 1949 ഡിസംബർ 16-നാണ് അവസാനമായി അവിടെ പ്രാർഥന നടന്നത്. മൂന്നു മകുടങ്ങളുള്ള രൂപവും അല്ലാഹു എന്ന ശിലാലിഖിതവുമെല്ലാം അതു പള്ളിയാണെന്നു സൂചിപ്പിക്കുന്നതാണ്.

ഹൈക്കോടതിയുടെ 2010-ലെ വിധിപ്രകാരം തർക്കഭൂമിയുടെ മൂന്നിലൊന്നു ലഭിച്ച നിർമോഹി അഖാഡയുടെ ഹർജി സുപ്രീംകോടതി തള്ളി. അവർക്ക് ഉടമസ്ഥതയോ പൂജ നടത്താനുള്ള അവകാശമോ ഇല്ല. ക്ഷേത്രനിർമാണത്തിനായി രൂപവത്കരിക്കുന്ന ട്രസ്റ്റിൽ അഖാഡയ്ക്ക് ഉചിതസ്ഥാനം നൽകാമെന്നുമാത്രം. രാമജന്മഭൂമിക്കു മൊത്തമായി നിയമപരമായ വ്യക്തിത്വം നൽകണമെന്ന ആവശ്യം കോടതി തള്ളി. സ്ഥലത്തിന്റെ ഉടമകൾ തങ്ങളാണെന്നും എന്നാൽ, ഇതു രാമക്ഷേത്ര നിർമാണത്തിനു വിട്ടുനൽകാമെന്നുമായിരുന്നു ഷിയാ വഖഫ് ബോർഡിന്റെ വാദം. ഇതും കോടതി സ്വീകരിച്ചില്ല.

Content Highlights:Ayodhya Verdict: Ayodhya Disputed Land To Be Given For Temple, Separate Plot For Mosque