അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ ചെപ്പേടിലാക്കി നിർമാണഭൂമിയിൽ ആയിരം അടി താഴ്ചയിൽ സ്ഥാപിക്കുമെന്ന് ശ്രീ രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് മഹന്ത് നൃത്യ ഗോപാൽ. ഭാവിയിൽ തർക്കങ്ങളൊന്നുമുണ്ടാകില്ലെന്ന് ഉറപ്പു വരുത്താനാണ് നീക്കമെന്നും ഗോപാൽ പറഞ്ഞു.
ഭാവിയിൽ ക്ഷേത്രത്തിന്റെ ചരിത്രത്തെക്കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് രാമ ജന്മഭൂമിയെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും മനസ്സിലാക്കാൻ ഇതു സഹായിക്കുമെന്ന് ട്രസ്റ്റ് അംഗം കമേശ്വർ ചൗപൽ പറഞ്ഞു. 200 അടി താഴ്ചയിൽ ചെപ്പേട് സ്ഥാപിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
ക്ഷേത്രത്തിന്റെ ഭൂമി പൂജ നടക്കുന്ന ഓഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥലം സന്ദർശിക്കും. ഓഗസ്റ്റ് മൂന്നിന് മൂന്നു ദിവസം നീണ്ടുനിൽക്കുന്ന വേദാനുഷ്ഠാനപ്രകാരമുള്ള ചടങ്ങുകൾ ആരംഭിക്കും. ഹിമാലയൻ ക്ഷേത്രം ബദരീനാഥിലെ മണ്ണും ഗംഗയുടെ പോഷകനദിയായ അളകനന്ദയിൽനിന്നുള്ള ജലവും തിങ്കളാഴ്ച നടക്കുന്ന ചടങ്ങിൽ ഉപയോഗിക്കും. ഭൂമി പൂജാചടങ്ങ് ദുരദർശൻ തത്സമയം സംപ്രേഷണം ചെയ്യും. ഈ തീരുമാനത്തിനെതിരേ സി.പി.ഐ.നേതാവ് ബിനോയ് വിശ്വം എം.പി. വാർത്താവിതരണമന്ത്രി പ്രകാശ് ജാവഡേക്കർക്ക് കത്തയച്ചു.
ഐക്യം നിലനിർത്തണമെന്ന് മുസ്‌ലിം നേതാക്കൾ
രാമക്ഷേത്രത്തിന്റെ ഭൂമി പൂജയുമായി ബന്ധപ്പെട്ട് സാമൂഹിക ഐക്യം നിലനിർത്താനാവശ്യമായ നടപടികളുമായി അയോധ്യയിലെ മുസ്‌ലിം പള്ളികൾ. പള്ളികളിലെ വിവിധ ആഘോഷങ്ങളും ശവകുടീരങ്ങളിലെ വാർഷിക ഉറൂസും ഉൾപ്പെടെ പ്രാദേശിക ഹിന്ദുക്കൾക്ക് ശല്യമുണ്ടാകാത്തവിധത്തിൽ നടത്താനും സാമുദായിക നേതാക്കൾ തീരുമാനിച്ചു. നിർദിഷ്ട ക്ഷേത്രത്തിനു സമീപം എട്ടു മുസ്‌ലിം പള്ളികളും രണ്ടു ശവകുടീരങ്ങളുമാണുള്ളത്.
സാമൂഹികം ഐക്യം നിലനിർത്താനാവശ്യമായ നിലപാടിലൂടെ രാമക്ഷേത്രത്തിനു ചുറ്റുമുള്ള മുസ്‌ലി പള്ളികൾ ലോകത്തിന് ശക്തമായ സന്ദേശമാണ് നൽകുന്നതെന്ന് നഗരസഭാംഗം ഹാജി ആസാദ് അഹമ്മദ് പറഞ്ഞു.
Content Highlights: Ayodhya Ram Mandir