ന്യൂഡല്‍ഹി: അയോധ്യയിൽ ബാബറി മസ്ജിദ് തകർത്തതിനു സമീപത്തെ 67 ഏക്കർ തർക്കരഹിത ഭൂമി അതിന്റെ യഥാർഥ അവകാശികൾക്ക് തിരിച്ചുകൊടുക്കാൻ അനുവദിക്കണമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. പൊതു തിരഞ്ഞെടുപ്പ് അടുക്കുകയും അയോധ്യയിലെ ഭൂമിതർക്ക കേസ് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് കേൾക്കാനിരിക്കുകയും ചെയ്യുന്ന അവസരത്തിലാണ് കേന്ദ്രത്തിന്റെ നാടകീയനീക്കം.

നിയമനിർമാണത്തിലൂടെ 1993-ൽ കേന്ദ്രം ഏറ്റെടുത്ത അയോധ്യയിലെ 67.703 ഏക്കറിൽ, ബാബറി മസ്ജിദ് നിന്നിരുന്ന 0.313 ഏക്കർ ഒഴികെയുള്ള 67.390 ഏക്കർ അതിന്റെ ഉടമകൾക്ക് നൽകണമെന്നാണ് സർക്കാരിന്റെ ആവശ്യം. സർക്കാർ രക്ഷാധികാരിയായി ഏറ്റെടുത്ത ഭൂമിയിൽ തത്‌സ്ഥിതി തുടരണമെന്ന് സുപ്രീംകോടതി 2003-ൽ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിൽ ഭേദഗതി ആവശ്യപ്പെട്ടാണ് കേന്ദ്രം ചൊവ്വാഴ്ച സുപ്രീംകോടതിയെ സമീപിച്ചത്. അയോധ്യയിലെ 67 ഏക്കറിൽ 42 ഏക്കർ രാമ ജൻമഭൂമി ന്യാസിന്റേതാണ്.

ബാബറി മസ്ജിദ് നിന്നിരുന്ന സ്ഥലവും പരിസരവുമുൾപ്പെടെ 2.77 ഏക്കർ ഭൂമി മൂന്നായി വിഭജിച്ച് നൽകിക്കൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളാണ് സുപ്രീംകോടതിക്ക് മുമ്പാകെയുള്ളത്. സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാഢ, രാം ലല്ല എന്നിവയ്ക്കാണ് ഹൈക്കോടതി ഭൂമി തുല്യമായി വീതിച്ചു നൽകിയത്. ഈ സ്ഥലവും 67 ഏക്കറിൽ ഉൾപ്പെടുന്നതാണ്. തർക്കരഹിതമായ 67.390 ഏക്കർ ലഭിച്ചാൽ മാത്രമേ കേസിൽ ജയിക്കുന്നവർക്ക് തർക്കഭൂമിയിലേക്കെത്താൻ എത്ര സ്ഥലം വരെ ആവശ്യമാകുമെന്ന് കണ്ടെത്താനാകൂവെന്ന് കേന്ദ്രസർക്കാർ നൽകിയ 33 പേജുള്ള അപേക്ഷയിൽ ചൂണ്ടിക്കാട്ടി.

തത്‌സ്ഥിതി തുടരാൻ ആവശ്യപ്പെടുന്ന 2003 മാർച്ച് 31-ലെ സുപ്രീംകോടതി ഉത്തരവ് തർക്കഭൂമിയിൽ മാത്രം ഒതുങ്ങാതെ, അതിന് പരിസരത്തെ മുഴുവൻ സ്ഥലത്തേയും ഉൾപ്പെടുത്തുന്നതാണ്. യഥാർഥ ഉടമകൾക്ക് ഭൂമി തിരിച്ചു നൽകുന്നതിൽ കുഴപ്പമില്ലെന്ന് ഇസ്മായീൽ ഫാറൂഖി കേസിൽ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നതും കേന്ദ്രം ചൂണ്ടിക്കാട്ടി. തർക്കഭൂമി ഒഴിച്ചുള്ള സ്ഥലം യഥാർഥ ഉടമകൾക്ക് മടക്കിനൽകണമെന്ന് രാമ ജന്മഭൂമി ന്യാസ് ആവശ്യപ്പെട്ടതായും കേന്ദ്രത്തിന്റെ ഹർജിയിൽ പറയുന്നു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് അയോധ്യയിലെ തർക്കഭൂമി കേസ് കേൾക്കുന്നത്. കേസ് ചൊവ്വാഴ്ച പരിഗണിക്കാൻവെച്ചിരുന്നെങ്കിലും ബെഞ്ചിലെ ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അവധിയായതിനാൽ നടന്നില്ല.

Content Highlights: ayodhya land dispute case; union government's stand in supreme court