ന്യൂഡൽഹി: അയോധ്യ കേസിൽ നവംബർ ഒൻപതിന് പുറപ്പെടുവിച്ച വിധി ചോദ്യംചെയ്ത് സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി തള്ളി. ഹർജികൾ പരിശോധിച്ചെന്നും പ്രസക്തമായ വാദങ്ങളൊന്നുമില്ലെന്നും നിരീക്ഷിച്ചാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഹർജികൾ തള്ളിയത്. കേസിലെ കക്ഷികൾ നൽകിയ ഒൻപതെണ്ണം ഉൾപ്പെടെ 18 ഹർജികളാണ് ഫയൽ ചെയ്തിരുന്നത്.

ചീഫ് ജസ്റ്റിസിനുപുറമേ ജഡ്ജിമാരായ ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ്. അബ്ദുൾ നസീർ, സഞ്ജീവ് ഖന്ന എന്നിവരായിരുന്നു ബെഞ്ചിലുണ്ടായിരുന്നത്. വിധി പുറപ്പെടുവിച്ച ഭരണഘടനാ ബെഞ്ചിന്റെ അധ്യക്ഷനായ ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിരമിച്ചതിനെത്തുടർന്നാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ബെഞ്ചിലെത്തിയത്. ചീഫ് ജസ്റ്റിസിന്റെ ചേംബറിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 1.40-നാണ് ഹർജികൾ പരിഗണിച്ചത്. തുറന്നകോടതിയിൽ വാദം കേൾക്കണമെന്ന ആവശ്യമാണ് ആദ്യം പരിഗണിച്ചത്. ഈ ആവശ്യം തള്ളിയ കോടതി, പുതിയ വാദങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് നിരീക്ഷിച്ച് പുനഃപരിശോധനാ ഹർജികൾ തള്ളുകയായിരുന്നു.

അയോധ്യയിലെ തർക്കഭൂമിയായ 2.77 ഏക്കർ ഭൂമിയിൽ രാമക്ഷേത്രം നിർമിക്കാൻ അനുമതി നൽകിക്കൊണ്ടാണ് ഭരണഘടനാ ബെഞ്ച് നവംബർ ഒൻപതിന് വിധി പുറപ്പെടുവിച്ചത്. സുന്നി വഖഫ് ബോർഡിന് പള്ളി പണിയാൻ നഗരത്തിൽത്തന്നെ കണ്ണായസ്ഥലത്ത് അഞ്ചേക്കർ നൽകണമെന്നും കോടതി വിധിച്ചു. വിധി ഏകപക്ഷീയമാണെന്നും പിഴവുകളുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് വിവിധ കക്ഷികൾ പുനഃപരിശോധനാ ഹർജികൾ നൽകിയത്.

ജമിയത് ഉലമ ഐ ഹിന്ദ്, ഹിന്ദു മഹാസഭ, നിർമോഹി അഖാഡ തുടങ്ങിയവയും ഹർജികൾ നൽകിയിരുന്നു. അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമബോർഡിന്റെ പിന്തുണയോടെ മൗലാന മുഫ്തി ഹസ്ബുള്ള, മൗലാന മഹ്ഫൂസുർ റഹ്മാൻ, മുസ്ബാഹുദ്ദീൻ, മുഹമ്മദ് ഉമർ, ഹാജി നഹ്ബൂബാ എന്നിവരും മുഹമ്മദ് അയൂബ് എന്നയാളും ഹർജി നൽകി. സാമ്പത്തികവിദഗ്ധൻ പ്രഭാത് പട്‌നായിക്, മനുഷ്യാവകാശ പ്രവർത്തകൻ ഹർഷ് മന്ദർ ഉൾപ്പെടെ 40 പേരും ഹർജി നൽകിയിരുന്നു.

കേസിൽ കക്ഷിയായിരുന്ന സുന്നി വഖഫ് ബോർഡ് പുനഃപരിശോധനാ ഹർജി നൽകിയില്ല. പള്ളി നിർമിക്കാൻ അഞ്ചേക്കർ സുന്നി വഖഫ് ബോർഡിനു നൽകിയത് ചോദ്യംചെയ്താണ് ഹിന്ദു മഹാസഭ ഹർജി നൽകിയത്. തർക്കമന്ദിരം പള്ളിയാണെന്ന സുപ്രീംകോടതിയുടെ പരാമർശം വസ്തുതാപരമായി തെറ്റാണെന്നും ഇവർ വാദിച്ചു. അയോധ്യാവിധിയിൽ നിയമപരമായും വസ്തുതാപരമായും പിഴവുകൾ സംഭവിച്ചെന്നാണ് 40 പേർ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. അയോധ്യയിൽ രാമക്ഷേത്രനിർമാണത്തിന് അനുമതിനൽകിയത് ഫലത്തിൽ ബാബറി മസ്ജിദ് തകർത്തതിനുലഭിച്ച പ്രതിഫലമായി കാണേണ്ടിവരുമെന്ന് ജമിയത് ഉലമ ഐ ഹിന്ദ് ഹർജിയിൽ ചൂണ്ടിക്കാട്ടി. വിധിയിലെ മുഴുവൻ കാര്യങ്ങളിലും എതിർപ്പില്ല. ഹിന്ദുകക്ഷികൾ നടത്തിയ നിയമലംഘനങ്ങൾ അംഗീകരിക്കുന്നില്ലെന്ന് വിധിയിൽ പറയുമ്പോഴും അവർക്കനുകൂലമായ തീരുമാനമാണുണ്ടായതെന്നും ഹർജിയിൽ പറയുന്നു.

Content Highlights: Ayodhya case Supreme Court