ന്യൂഡൽഹി: അയോധ്യക്കേസിൽ നവംബർ ഒമ്പതിന്‌ പുറപ്പെടുവിച്ച വിധിയെ ചോദ്യംചെയ്തുനൽകിയ പുനഃപരിശോധനഹർജികളിൽ സുപ്രീംകോടതി വ്യാഴാഴ്ച വാദം കേൾക്കും.

ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ, ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എസ്.എ. നസീർ, ഡി.വൈ. ചന്ദ്രചൂഡ്, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിക്കുക. ഉച്ചയ്ക്ക് 1.40-ന്‌ ചേംബറിലാണ് ഹർജികൾ കേൾക്കുക.

വിരമിച്ച ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കുപകരമായാണ് ജസ്റ്റിസ് ഖന്ന ബെഞ്ചിലെത്തിയത്. വിധിയെ ചോദ്യംചെയ്ത് 18 ഹർജികളാണ് ഫയൽചെയ്തത്. ഇതിൽ ഒമ്പതെണ്ണം ഭൂമിതർക്കക്കേസിലെ കക്ഷികളും ഒമ്പതെണ്ണം പുതിയ കക്ഷികളുമാണ് ഫയൽചെയ്തത്.

അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമബോർഡാണ്‌ പുനഃപരിശോധനഹർജി നൽകിയ പ്രധാന മുസ്‌ലിംസംഘടന. ക്ഷേത്രനിർമാണത്തിനായുണ്ടാക്കുന്ന ട്രസ്റ്റിൽ പങ്കാളിത്തമാവശ്യപ്പെട്ട് നിർമോഹി അഖാഡയും ഹർജി നൽകിയിട്ടുണ്ട്. തുറന്നകോടതിയിൽ വാദം കേൾക്കണമെന്ന് എല്ലാഹർജികളും ആവശ്യപ്പെടുന്നു. ഇതിൽ വ്യാഴാഴ്ച തീരുമാനമുണ്ടാകും.

മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് അയോധ്യയിൽ ബാബറി മസ്‌ജിദ് നിലനിന്ന 2.77 ഏക്കർ സ്ഥലം രാമക്ഷേത്രം നിർമിക്കാൻ അനുവദിച്ചത്. പള്ളി പണിയാൻ സുന്നി വഖഫ് ബോർഡിന്‌ അഞ്ചേക്കർ ഭൂമി കണ്ടെത്തിനൽകാനും കേന്ദ്രസർക്കാരിനോട്‌ നിർദേശിച്ചിരുന്നു.

Content Highlights: Ayodhya case Supreme Court