അയോധ്യയിലെ ഭൂമിതർക്കത്തിൽ സുപ്രീംകോടതിയുടെ തീർപ്പുവന്നതോടെ ബാബറി മസ്ജിദ് പൊളിച്ച കേസിൽ ലഖ്നൗവിൽ നടക്കുന്ന വിചാരണയ്ക്കു ശ്രദ്ധയേറുന്നു.

സുപ്രീംകോടതിയുടെ ഉത്തരവുപ്രകാരം വിചാരണ പൂർത്തിയാക്കി വിധിപറയാൻ ലഖ്നൗവിലെ പ്രത്യേക കോടതിക്ക് ഇനി അഞ്ചുമാസമേ ബാക്കിയുള്ളൂ. ബി.ജെ.പി.യുടെ മുതിർന്ന നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി തുടങ്ങിയവർ വിചാരണ നേരിടുന്ന കേസിൽ നൂറുകണക്കിനു സാക്ഷികളെ വിസ്തരിക്കാനുണ്ട്.

1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് പൊളിച്ച സംഭവത്തിൽ യു.പി.യിൽ രണ്ടിടത്തായാണ് വിചാരണ നടന്നിരുന്നത്. അജ്ഞാതരായ കർസേവകർക്കെതിരായ കേസുകൾ ലഖ്നൗവിലും പ്രമുഖ നേതാക്കൾക്കെതിരേയുള്ളത് റായ്ബറേലിയിലും. പിന്നീട്, സുപ്രീംകോടതിയുടെ 2017-ലെ ഉത്തരവുപ്രകാരം ഇരുകൂട്ടം കേസുകളിലെയും വിചാരണ ഒന്നിച്ചുചേർത്ത് ലഖ്‌നൗവിലെ അഡീഷണൽ സെഷൻസ് കോടതിയിലേക്കുമാറ്റി.

രണ്ടുവർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതി ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് ഒമ്പതുമാസംകൂടി സമയം നൽകി. എന്നാൽ, പ്രമുഖ ബി.ജെ.പി. നേതാക്കൾക്കെതിരേ സി.ബി.ഐ. നിരത്തുന്ന ആയിരത്തിലേറെ സാക്ഷികളിൽ ഏതാണ്ട് 300 പേരുടെ മൊഴിമാത്രമാണ് രേഖപ്പെടുത്താനായത്.

സുപ്രീംകോടതി നൽകിയ കാലാവധി മാർച്ച് 19-ന് അവസാനിക്കുമെന്നതിനാൽ അതിനകം വിചാരണ പൂർത്തിയാക്കാനായി ഇനി അധികം സാക്ഷികളെ സി.ബി.ഐ. കൊണ്ടുവന്നേക്കില്ല. സാക്ഷികളിൽ പലരും മരിച്ചുപോയതും ചൂണ്ടിക്കാട്ടും.

ബാബറി മസ്ജിദ് പൊളിക്കുമ്പോൾ യു.പി. മുഖ്യമന്ത്രിയായിരുന്ന ബി.ജെ.പി. നേതാവ് കല്യാൺ സിങ്ങിനെതിരേ ആറു സാക്ഷികളെയാണ് സി.ബി.ഐ. കൊണ്ടുവന്നത്. കല്യാൺ സിങ് 1993-ൽ കാൻപുരിൽ നടത്തിയ പ്രസംഗത്തിന്റെ റിപ്പോർട്ടുകൾ സാക്ഷികളിലൊരാൾ കഴിഞ്ഞമാസം കോടതിയിൽ നൽകി. പള്ളി പൊളിച്ചതിനെ സ്വാഗതംചെയ്ത് കല്യാൺ സിങ് നടത്തിയതെന്ന് ആരോപിക്കുന്ന പ്രസംഗത്തിന്റെ തെളിവുകളും ചിലർ ഹാജരാക്കി.

വിചാരണ നേരിടുന്നവർ

എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി, കല്യാൺസിങ്, വിനയ് കട്യാർ, സാധ്വി ഋതംബര, വിഷ്ണുഹരി ഡാൽമിയ, ചമ്പത്ത് റായ് ബൻസൽ, സതീഷ് പ്രധാൻ, ധരം ദാസ്, മഹന്ത് നൃത്യ ഗോപാൽ ദാസ്, മഹാമണ്ഡലേശ്വർ ജഗദീഷ് മുനി, രാം ബിലാസ് വേദാന്തി, വൈകുണ്ഠ് ലാൽ ശർമ, സതീഷ് ചന്ദ്ര നാഗർ എന്നീ 15 പേർക്കെതിരായ ഗൂഢാലോചനക്കുറ്റമാണ് സുപ്രീംകോടതി 2017 ഏപ്രിൽ 19-നു പുനഃസ്ഥാപിച്ചത്.

രാജസ്ഥാൻ ഗവർണറായിരുന്നതിനാൽ കല്യാൺ സിങ്ങിനു വിചാരണയിൽനിന്നു സംരക്ഷണം ലഭിച്ചിരുന്നു. ഗവർണർസ്ഥാനം ഒഴിഞ്ഞതോടെ അദ്ദേഹവും വിചാരണ നേരിട്ടുവരുകയാണ്. ലഖ്നൗവിലെ കോടതിക്കുമുൻപാകെ സെപ്റ്റംബർ 27-നു ഹാജരായ കല്യാൺ സിങ് ജാമ്യമെടുത്തു. മറ്റുപ്രതികളായ ശിവസേനാ നേതാവ് ബാൽ താക്കറെ, വി.എച്ച്.പി. നേതാവ് ആചാര്യ ഗിരിരാജ് കിഷോർ, അശോക് സിംഘൽ, മഹന്ത് അവൈദ്യനാഥ്, പരംഹംസ് റാം ചന്ദ്രദാസ്, മോറേശ്വർ സാവെ എന്നിവർ അന്തരിച്ചു.

പ്രതികൾ നേരിടുന്ന കുറ്റം

രണ്ടുവിഭാഗങ്ങൾ തമ്മിൽ സ്പർധ വളർത്തൽ, രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരായ പ്രചാരണം നടത്തൽ, തെറ്റായ പ്രസ്താവനകൾ, ക്രമസമാധാനത്തകർച്ചയുണ്ടാക്കുംവിധം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ആദ്യം ചുമത്തിയിരുന്നത്. പിന്നീട് ഗൂഢാലോചനക്കുറ്റവും ചുമത്തിയെങ്കിലും അതു വിചാരണക്കോടതി റദ്ദാക്കുകയും ഹൈക്കോടതി ശരിവെക്കുകയും ചെയ്തു. ഇതിനെതിരേ സി.ബി.ഐ.യും അന്തരിച്ച ഹാജി മെഹബൂബ് അഹമ്മദും നൽകിയ അപ്പീലിലാണ് പ്രതികളിൽ ജീവിച്ചിരിക്കുന്നവർക്കെതിരായ ഗൂഢാലോചനക്കുറ്റം സുപ്രീംകോടതി ശരിവെച്ചത്.

Content Highlights: Ayodhya case Supreme court