ന്യൂഡൽഹി: അയോധ്യയിൽ ബാബറി മസ്ജിദ് നിലനിന്നിരുന്ന ഭൂമി രാമക്ഷേത്രം നിർമിക്കാൻ നൽകിയ സുപ്രീംകോടതി വിധിക്കെതിരേ പുനഃപരിശോധനാ ഹർജി നൽകാനുള്ള തീരുമാനത്തെ പിന്തുണയ്ക്കുന്നതായി മുസ്‌ലിം ലീഗ്.

പള്ളിക്കായി പകരം സ്ഥലം സ്വീകരിക്കണമോയെന്നകാര്യത്തിൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷപാർട്ടികളുമായി ചർച്ചചെയ്ത് തീരുമാനമെടുക്കുമെന്നും ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. തിങ്കളാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മുസ്‍ലിം വ്യക്തിനിയമബോർഡും ജമിയത്ത് ഉലമ ഐ ഹിന്ദ് എന്ന സംഘടനയുമാണ് പുനഃപരിശോധനാഹർജി നൽകാൻ തീരുമാനിച്ചത്. എന്നാൽ, കേസിൽ കക്ഷിയായ യു.പി. സുന്നി വഖഫ് ബോർഡ് വിധിയെ ചോദ്യംചെയ്യില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

കോടതിവിധിയെ മുസ്‌ലിം ലീഗ് ബഹുമാനിക്കുന്നുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാൽ, നിയമപരമായ അവസരമാണ് പുനഃപരിശോധനാ ഹർജി നൽകൽ. സ്ഥലത്തിന്റെ വിഷയത്തിൽ മറ്റു പാർട്ടികളുമായി ചൊവ്വാഴ്ച ചർച്ച തുടങ്ങും. കശ്മീരിൽ നിയന്ത്രണങ്ങൾ തുടരുന്നതിനെ കുഞ്ഞാലിക്കുട്ടി വിമർശിച്ചു. ഇന്ത്യയിലെ പാർലമെന്റംഗങ്ങളെ കശ്മീരിൽ പോകാൻ അനുവദിക്കാത്ത കേന്ദ്രം, വിദേശ എം.പി.മാരെ സന്ദർശനത്തിനായി എത്തിച്ചതിനെയും അദ്ദേഹം വിമർശിച്ചു.

അസമിലെ ദേശീയ പൗരത്വപ്പട്ടികയിൽനിന്ന് പുറത്തായവരെ സഹായിക്കാൻ മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ ദേശീയ അഭിഭാഷക ഫോറം സംസ്ഥാനത്ത് പ്രവർത്തനമാരംഭിച്ചു. കേരളം, ഡൽഹി, അസം അടക്കമുള്ള സ്ഥലങ്ങളിൽനിന്നുള്ള അഞ്ഞൂറോളം അഭിഭാഷകർ അടങ്ങുന്നതാണ് ഫോറം. രാജ്യമൊട്ടാകെ ഫോറം വ്യാപിപ്പിക്കാനും ലീഗ് ലക്ഷ്യമിടുന്നുണ്ട്.

ജാർഖണ്ഡിൽ മത്സരിക്കും

ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രാദേശിക പാർട്ടികളുമായി ചേർന്ന് മുസ്‌ലിം ലീഗ് മത്സരിക്കുമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജംഷേദ്പുർ വെസ്റ്റ്, ഗാണ്ഡി, മാണ്ഡു, റാഞ്ചി, ഹാട്ടിയ, ഗിരിഡ് എന്നീ ആറു മണ്ഡലങ്ങളിലാണ് ജനവിധിതേടുക.

Content highlights: Ayodhya case Muslim League