ന്യൂഡൽഹി: ബാബറി മസ്ജിദ് പൊളിച്ച സംഭവത്തിൽ കർസേവകരുടെ പേരിലെടുത്ത കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുമഹാസഭ പ്രധാനമന്ത്രിക്ക്‌ കത്തയച്ചു. അയോധ്യ ഭൂമിതർക്കക്കേസിൽ സുപ്രീംകോടതി വിധിവന്നതിന് പിന്നാലെയാണ് ഇത്.

1992-ലും കർസേവയുമായി ബന്ധപ്പെട്ട മറ്റുസംഭവങ്ങളിലും കൊല്ലപ്പെട്ടവരെ ‘രക്തസാക്ഷി’കളായി പ്രഖ്യാപിക്കണമെന്നും ഹിന്ദുമഹാസഭാ ദേശീയാധ്യക്ഷൻ സ്വാമി ചക്രപാണി ചൊവ്വാഴ്ച അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഒപ്പം കത്തയച്ചിട്ടുണ്ട്.

അയോധ്യയിലെ രാംലല്ല തർക്കമില്ലാത്ത ക്ഷേത്രഭൂമിയാണെന്ന്‌ വ്യക്തമായിരിക്കുന്നു. താഴികക്കുടം ക്ഷേത്രത്തിന്റേതാണെന്നും ബാബറി മസ്ജിദിന്റേതല്ലെന്നും തെളിഞ്ഞിരിക്കുന്നു. അതിനാൽ, ബാബറി മസ്ജിദ് പൊളിച്ചതിന് ക്രിമിനൽ കേസെടുത്തത് ക്ഷേത്രത്തിന്റെ താഴികക്കുടം അറിവില്ലാതെ പൊളിച്ച രാമഭക്തരുടെ പേരിലാണ്‌. കേസ് പിൻവലിച്ച് പ്രശ്നം അവസാനിപ്പിക്കണം -കത്ത് ആവശ്യപ്പെടുന്നു.

രാമക്ഷേത്രം പണിയുന്നതിനായി കർസേവയ്ക്കൊപ്പം പ്രവർത്തിച്ച ജീവിച്ചിരിക്കുന്ന എല്ലാ പ്രവർത്തരെയും ധർമിക് സേനാനി (മതപോരാളികൾ) എന്നുവിളിക്കണമെന്നും അയോധ്യയിൽ കൊല്ലപ്പെട്ട പ്രവർത്തകരുടെ പേര് ലോഹഫലകത്തിൽ ആലേഖനംചെയ്യണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

1992 ഡിസംബർ ആറിന് ഏകദേശം അയ്യായിരം കർസേവകർ ചേർന്ന് ബാബറി മസ്ജിദിന്റെ താഴികക്കുടം പൊളിച്ചെന്നാണ് ലിബർഹാൻ കമ്മിഷൻ റിപ്പോർട്ട്. അതിനുമുമ്പ് 1990 ഒക്ടോബർ 30-ന് തർക്കഭൂമിക്കടുത്തെത്തിയ കർസേവകർക്കുനേരെ വെടിവെപ്പുണ്ടായിരുന്നു. ഇതേത്തുടർന്ന് രാജ്യവ്യാപകമായി നടന്ന പ്രതിഷേധത്തിൽ ഒട്ടേറെപ്പേർ കൊല്ലപ്പെടുകയും ചെയ്തു.

Content highlights: Ayodhya case Hindu Mahasabha