ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രമുണ്ടായിരുന്ന സ്ഥലത്തുതന്നെയാണ് ബാബറി മസ്ജിദ് നിര്‍മിച്ചതെന്നും മുസ്‌ലിങ്ങള്‍ പ്രാര്‍ഥന നടത്തിയതുകൊണ്ടുമാത്രം അത് പള്ളിയാകില്ലെന്നും പ്രതിഷ്ഠയായ രാം ലല്ലയ്ക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ സി.എസ്. വൈദ്യനാഥൻ.

ബി.സി. രണ്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ച അനേകം തൂണുകളുള്ള വലിയ മണ്ഡപം നിന്നിരുന്ന സ്ഥലത്താണ് പള്ളിയുണ്ടാക്കിയതെന്നും പുരാവസ്തുഗവേഷണ വകുപ്പിന്റെ (എ.എസ്.ഐ.) റിപ്പോർട്ട് ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം സുപ്രീംകോടതിയില്‍ വാദിച്ചു. അതേസമയം, പുരാതനമായ ആ കെട്ടിടം ക്ഷേത്രമാണെന്നതിന് തെളിവുണ്ടോയെന്ന് സുപ്രീംകോടതി ആരാഞ്ഞു. അയോധ്യ ഭൂമിതര്‍ക്ക കേസില്‍ ഭരണഘടനാ ബെഞ്ചിന് മുമ്പാകെയാണ് വെള്ളിയാഴ്ചയും വാദം തുടർന്നത്.

ബാബറി മസ്ജിദ് നിന്നിരുന്നിടത്ത് രാമക്ഷേത്രമാണുണ്ടായിരുന്നത് എന്നതുസംബന്ധിച്ച വാദമാണ് വൈദ്യനാഥന്‍ നടത്തിയത്. കെട്ടിടങ്ങളൊന്നുമില്ലാത്ത സ്ഥലത്തോ കൃഷിസ്ഥലത്തോ അല്ല ബാബറി മസ്ജിദ് നിര്‍മിച്ചത്. അനേകം തൂണുകളുള്ള വലിയ മണ്ഡപംപോലുള്ള കെട്ടിടം അവിടെയുണ്ടായിരുന്നു. ആ തൂണുകളില്‍ ദൈവത്തിന്റെ രൂപങ്ങള്‍ കൊത്തിയിരുന്നെന്നും 1990-ല്‍ എടുത്ത ചിത്രങ്ങള്‍ സാക്ഷ്യപ്പെടുത്തി അദ്ദേഹം പറഞ്ഞു.

അയോധ്യയില്‍ പുരാവസ്തുവകുപ്പ് കണ്ടെടുത്ത വസ്തുക്കള്‍ പ്രായം നിര്‍ണയിക്കാനുള്ള ‘കാര്‍ബണ്‍ ഡേറ്റിങ്’ നടത്തിയിരുന്നോയെന്ന് കോടതി ചോദിച്ചു. അവിടെനിന്നുലഭിച്ച പ്രതിമകളൊന്നും കാര്‍ബണ്‍ ഡേറ്റിങ്ങിന് വിധേയമാക്കിയില്ലെന്ന് വൈദ്യനാഥന്‍ പറഞ്ഞു. ബാബറി മസ്ജിദിനുമുമ്പ്‌ അവിടെയുണ്ടായിരുന്ന കെട്ടിടം ആരാധനാലയമായിരുന്നുവെന്നതിന് തെളിവുണ്ടോയെന്ന് കോടതി ആരാഞ്ഞു. ബി.സി. രണ്ടാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട കെട്ടിടം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിരുന്നതാണെന്ന് പുരാവസ്തുവകുപ്പിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി വൈദ്യനാഥന്‍ പറഞ്ഞു. വാദം തിങ്കളാഴ്ച തുടരും.

Content Highlights: Ayodhya case hearing in Supreme Court