ന്യൂഡല്‍ഹി: അയോധ്യ കേസ് ഭൂമിതര്‍ക്കം മാത്രമായാണ് പരിഗണിക്കുന്നതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസില്‍ ദിവസവും വാദം കേള്‍ക്കില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ്.എ. നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ച് പറഞ്ഞു

'എഴുനൂറോളം സാധാരണക്കാരായ കക്ഷികള്‍ നീതിക്കായി കാത്തുനില്‍ക്കുകയാണ്. ഞങ്ങള്‍ക്ക് അവരുടെ കേസ് കേള്‍ക്കേണ്ടതുണ്ട്' -എന്നു പറഞ്ഞുകൊണ്ടാണ് ദിവസവും വാദം കേള്‍ക്കുന്നതില്‍നിന്ന് സുപ്രീംകോടതി പിന്മാറിയത്. കേസിലെ രേഖകളുടെ ഇംഗ്ലീഷ് പരിഭാഷ ഹാജരാക്കാന്‍ ആവശ്യപ്പെട്ട കോടതി, വിഷയം പരിഗണിക്കുന്നത് മാര്‍ച്ച് 14-ലേക്കു മാറ്റി.

അയോധ്യയിലെ 2.77 ഏക്കര്‍ തര്‍ക്കഭൂമി ഹിന്ദു മഹാസഭയ്ക്കും സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കുമായി വിഭജിച്ചുനല്‍കണമെന്ന അലഹാബാദ് ഹൈക്കോടതിയുടെ 2010-ലെ വിധിക്കെതിരായ 14 അപ്പീലുകളാണ് ബെഞ്ച് പരിഗണിക്കുന്നത്. ഹൈക്കോടതിയിലെ കേസില്‍ ഇല്ലാതിരുന്നവരുടെ കക്ഷിചേരാനുള്ള അപേക്ഷകള്‍ പ്രത്യേകം പരിഗണിക്കും. പുതുതായി കക്ഷിചേരാനെത്തിയവരെ കോടതി പ്രോത്സാഹിപ്പിച്ചില്ല. ഇപ്പോഴുള്ള കക്ഷികള്‍ തന്നെ വാദം നടത്താന്‍ പ്രാപ്തരാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

ഹിന്ദി, ഉറുദു, പേര്‍ഷ്യന്‍, സംസ്‌കൃതം, പാലി തുടങ്ങി എട്ടു ഭാഷകളിലായി 9,000 പേജുവരുന്ന രേഖകള്‍ പരിഭാഷപ്പെടുത്താനുണ്ടെന്ന് കോടതിയെ നേരത്തേ അറിയിച്ചിരുന്നു. ബാക്കിയുള്ളവ രണ്ടാഴ്ചയ്ക്കകം നല്‍കാനാണ് കോടതി ആവശ്യപ്പെട്ടത്. ഹൈക്കോടതിയിലെ കേസിന്റെ ഭാഗമായിരുന്ന വീഡിയോ റെക്കോര്‍ഡുകള്‍ ബന്ധപ്പെട്ട കക്ഷികള്‍ക്കു നല്‍കാനും രജിസ്ട്രിക്ക് നിര്‍ദേശം നല്‍കി. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷമേ അയോധ്യാ കേസ് പരിഗണിക്കാവൂവെന്ന വാദം ഡിസംബറില്‍ സുപ്രീംകോടതി തള്ളിയിരുന്നു.