അയോധ്യ: ഉത്തർപ്രദേശിലെ ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യയെന്നാക്കിയതിനുപിന്നാലെ ജില്ലയിൽ മദ്യവും മാംസവും നിരോധിക്കണമെന്നാവശ്യപ്പെട്ട് സന്ന്യാസിമാരും മതനേതാക്കളും രംഗത്ത്. സ്ഥലത്തെ പവിത്രമായി നിലനിർത്താൻ മാംസവും മദ്യവും പൂർണമായി നിരോധിക്കണമെന്നാണ് ആവശ്യം. രാമക്ഷേത്രാവശ്യവുമായി മുമ്പിൽ നിൽക്കുന്ന സ്വാമി സത്യേന്ദ്രദാസ് ഉൾപ്പെടെയുള്ള മതനേതാക്കളാണ് ആവശ്യവുമായെത്തിയത്.

മദ്യവും മാംസാഹാരവും അയോധ്യയിൽ അനുവദിച്ചാൽ അത് രാമനെ പരിഹസിക്കുന്നതിന്‌ തുല്യമാണെന്ന് സന്ന്യാസിമാർ പറയുന്നു. “ഇതൊരു പവിത്രനഗരമാണ്. മാംസവും മദ്യവും ഇവിടെ അനുവദിക്കാനാവില്ല. അയോധ്യ നഗർ നിഗമിന്റെ പരിധിയിൽ വരുന്നിടത്തെല്ലാം ഇത് നിരോധിക്കുന്നതിലൂടെ മലിനീകരണം കുറയ്ക്കാം. ജനങ്ങൾക്ക് ആരോഗ്യവും നല്ല ചിന്തകളും ഇത് പ്രദാനംചെയ്യും.”- ആചാര്യ സത്യേന്ദ്രദാസ് പറഞ്ഞു.

തലമുറകളായി ഇറച്ചിവിറ്റ്‌ ജീവിക്കുന്നവരുടെ ഭാവിയെന്താകുമെന്ന ചോദ്യത്തിന് ഒരു കള്ളനെ കള്ളനെന്ന്‌ വിളിക്കുമ്പോൾ അവർ വിഷമിക്കുന്നതുപോലെയാണിതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ജനങ്ങളെ ശരിയായ വഴിയിലൂടെ നടത്തുകയെന്നത് പുരോഹിതരുടെ കടമയാണെന്നും സത്യേന്ദ്രദാസ് പറഞ്ഞു.

ദീപാവലിദിവസമാണ് ഫൈസാബാദിന്റെ പേര് അയോധ്യ എന്നാക്കിയത്. രാമജന്മഭൂമിയിലെ തർക്കമേഖലയിൽ ബുധനാഴ്ച യോഗി ആദിത്യനാഥ് സന്ദർശനം നടത്തുകയും ചെയ്തിരുന്നു. രാമക്ഷേത്രം നിർമിക്കാൻ കേന്ദ്രം ഓർഡിനൻസ് കൊണ്ടുവരണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് പുതിയ നീക്കങ്ങൾ.