ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ കേന്ദ്രസർക്കാർ നിയമനിർമാണം നടത്തുകയോ ഓർഡിനൻസ് കൊണ്ടുവരികയോ ചെയ്യണമെന്ന് അഖില ഭാരതീയ സന്ത് സമിതി ആവശ്യപ്പെട്ടു. വിവിധ ഹിന്ദു സന്ന്യാസി സംഘടനകളുടെ കൂട്ടായ്മയാണ് സന്ത് സമിതി. ഞായറാഴ്ച ഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ ചേർന്ന യോഗത്തിലാണ് സമിതി ഇക്കാര്യം ആവശ്യപ്പെട്ടത്.

രാമക്ഷേത്ര നിർമാണത്തിനായി 1992 മാതൃകയിൽ പ്രക്ഷോഭത്തിനിറങ്ങുമെന്ന് കഴിഞ്ഞ ദിവസം ആർ.എസ്.എസ്. നിലപാട് വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയെന്ന നിലയിലാണ് സമിതിയുടെ നീക്കം. രാമക്ഷേത്രം നിർമിക്കാൻ നിയമമോ ഓർഡിനൻസോ കൊണ്ടുവരണമെന്നാണ് തങ്ങൾക്ക് നിർദേശിക്കാനുള്ളതെന്ന് സംഘടനാ രക്ഷാധികാരി രാമാനന്ദ് ഹാൻസ്ദേവാചര്യ പറഞ്ഞു. മുവ്വായിരത്തോളം സന്ന്യാസിമാരാണ് യോഗത്തിൽ പങ്കെടുത്തത്. പശുസംരക്ഷണം, ഗംഗാനദി മാലിന്യമുക്തമാക്കൽ, രാമക്ഷേത്രനിർമാണം ഉൾപ്പെടെ നിരവധി വിഷയങ്ങൾ യോഗം ചർച്ച ചെയ്തു.

രാമക്ഷേത്രനിർമാണത്തിൽ സർക്കാർ പോംവഴി കണ്ടെത്താത്തതിൽ വേദനയുണ്ട്. എന്നാൽ, രാജ്യത്തിനും മതത്തിനും സംസ്കാരത്തിനും ദേശീയസുരക്ഷയ്ക്കും വേണ്ടിയുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സംതൃപ്തിയുണ്ടെന്നും സമിതി വ്യക്തമാക്കി.

പശുക്കളെയും ഗംഗാനദിയെയും ദൈവത്തെയും സംരക്ഷിക്കുന്നവർക്ക് ജനങ്ങൾ വോട്ടു ചെയ്യണം. പശുസംരക്ഷണത്തിനും ദേശീയതലത്തിൽ നിയമം നിർമിക്കണം. അലഹാബാദിനെ പ്രയാഗായി പുനർനാമകരണം ചെയ്തതുപോലെ ഡൽഹിക്ക് ഇന്ദ്രപ്രസ്ഥമെന്ന് പേരു നൽകണം. അസമിലെ ദേശീയ പൗരത്വപട്ടികയുമായി ബന്ധപ്പെട്ട നടപടികൾ ഉടൻ പൂർത്തിയാക്കണം. അനധികൃത കുടിയേറ്റക്കാരെ തിരിച്ചെടുക്കുന്നതിന് ബംഗ്ലാദേശിനുമേൽ ഇന്ത്യ നയതന്ത്രപരമായ സമ്മർദം ചെലുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.