ലഖ്‌നൗ: അയോധ്യ തര്‍ക്കപരിഹാരത്തിന് മധ്യസ്ഥശ്രമം നടത്തുന്ന ശ്രീ ശ്രീ രവിശങ്കര്‍ ലഖ്‌നൗവില്‍ മുസ്!ലിം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

സുന്നി നേതാവും അഖിലേന്ത്യാ മുസ്!ലിം വ്യക്തിനിയമബോര്‍ഡിന്റെ മുതിര്‍ന്ന അംഗവുമായ മൗലാന ഖാലിദ് റഷീദിയെയും മറ്റ് മതപണ്ഡിതരെയുമാണ് ലഖ്‌നൗവില്‍ ഫരംഗി മഹല്‍ ഇസ്ലാമിക് സെന്ററിലിലെത്തി ശ്രീ ശ്രീ കണ്ടത്. അല്പം താമസിച്ചാണ് ഈ വിഷയത്തില്‍ താന്‍ മധ്യസ്ഥതയ്ക്ക് എത്തിയതെങ്കിലും ചര്‍ച്ചയില്‍ പ്രതീക്ഷയാണുള്ളതെന്ന് രവിശങ്കര്‍ പറഞ്ഞു.

രാമക്ഷേത്രത്തിനായി ആവശ്യമുന്നയിച്ച് രംഗത്തുള്ള ഹിന്ദുനേതാക്കളെ കഴിഞ്ഞദിവസം അയോധ്യയിലെത്തി രവിശങ്കര്‍ കണ്ടിരുന്നു. രാമജന്മഭൂമി ന്യാസ് അധ്യക്ഷന്‍, നിര്‍മോഹി അഖാഡ അധ്യക്ഷന്‍ എന്നിവരുമായി ചര്‍ച്ചയും നടത്തി. കേസില്‍ കക്ഷിയായ ഇഖ്ബാല്‍ അന്‍സാരിയെയും കണ്ടിരുന്നു. എന്നാല്‍, രാമജന്മഭൂമി തര്‍ക്കത്തില്‍ മുസ്!ലിം വിഭാഗക്കാര്‍ നല്‍കിയ കേസുകള്‍ ആദ്യം പിന്‍വലിക്കട്ടെ അതിനുശേഷമാകാം നീക്കുപോക്കു ചര്‍ച്ചയെന്നാണ് ന്യാസ് അധ്യക്ഷന്‍ നൃത്യഗോപാല്‍ ദാസ് രവിശങ്കറിനെ അറിയിച്ചത്.

അതേസമയം മുസ്!ലിം നേതാക്കള്‍ കോടതിയുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. വി.എച്ച്.പി.യും രവിശങ്കറിന്റെ നീക്കത്തോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. അതിനാല്‍ ശ്രീ ശ്രീയുടെ മുന്‍കൈയില്‍ നടക്കുന്ന ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയില്ലെന്നാണ് സൂചന.