ന്യൂഡല്‍ഹി: അയോധ്യയിലെ രാമജന്മഭൂമി-ബാബറി മസ്ജിദ് തര്‍ക്കക്കേസില്‍ ഡിസംബര്‍ അഞ്ചുമുതല്‍ അന്തിമവാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. ഒരു കാരണവശാലും അതു മാറ്റിവയ്ക്കില്ലെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ച് വ്യക്തമാക്കി. അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിച്ചുനല്‍കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ 2010-ലെ വിധിക്കെതിരായ അപ്പീലുകളാണ് സുപ്രീംകോടതി പരിഗണിക്കുക.

എട്ടു ഭാഷകളിലായുള്ള കേസിലെ വിവിധരേഖകള്‍ 12 ആഴ്ചയ്ക്കകം ഇംഗ്ലീഷിലേക്ക് തര്‍ജമചെയ്യാന്‍ കക്ഷികളോട് കോടതി ആവശ്യപ്പെട്ടു. ഹിന്ദി, ഉറുദു, പേര്‍ഷ്യന്‍, സംസ്‌കൃതം തുടങ്ങിയ ഭാഷകളിലായാണ് 9000 പേജുവരുന്ന രേഖകളുള്ളതെന്നും ഇത് തര്‍ജമചെയ്യാന്‍ ചുരുങ്ങിയത് നാലുമാസമെങ്കിലും വേണ്ടിവരുമെന്നും ചില കക്ഷികള്‍ക്കുവേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.

കേസിലെ തെളിവായി ഹൈക്കോടതി സ്വീകരിച്ച ഹിന്ദിയിലുള്ള മൊഴികള്‍ പത്താഴ്ചയ്ക്കകം ഇംഗ്ലീഷിലേക്ക് തര്‍ജമചെയ്യാന്‍ യു.പി. സര്‍ക്കാരിനോടും കോടതി നിര്‍ദേശിച്ചു. ജഡ്ജിമാരായ അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരുമടങ്ങുന്ന ബെഞ്ചാണ് വെള്ളിയാഴ്ച കേസ് പരിഗണിച്ചത്. കേസില്‍ വാദം കേള്‍ക്കാന്‍ കോടതി നിശ്ചയിക്കുന്ന സമയക്രമത്തില്‍ ഒരുതരത്തിലും മാറ്റം അനുവദിക്കില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.

കേസ് അടുത്തവര്‍ഷം ജനുവരിക്കുശേഷമേ പരിഗണിക്കാവൂയെന്ന്് വിവിധ കക്ഷികള്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, അനൂപ് ജോര്‍ജ് ചൗധരി, രാജീവ് ധവാന്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, കേസ് വേഗം കേള്‍ക്കണമെന്ന നിലപാടാണ് യു.പി. സര്‍ക്കാര്‍ അറിയിച്ചത്.

ബാബറി മസ്ജിദ് ഭൂമി തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് യു.പി.യിലെ ഷിയ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് കഴിഞ്ഞദിവസം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തര്‍ക്കഭൂമിയില്‍നിന്നും കുറച്ചകലെയായി മുസ്ലിങ്ങള്‍ കൂടുതല്‍ താമസിക്കുന്ന സ്ഥലത്താണ് പള്ളി നിര്‍മിക്കേണ്ടതെന്നും അവര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു. സുന്നി വഖഫ് ബോര്‍ഡ് പറയുന്നതുപോലെ അവരുടെ അധീനതയിലല്ല അയോധ്യയിലെ ബാബറി മസ്ജിദ് ഭൂമി. അതുകൊണ്ടുതന്നെ തര്‍ക്കപരിഹാരത്തിനായി കോടതിക്കു പുറത്ത് ചര്‍ച്ചനടത്തേണ്ട അധികാരം തങ്ങള്‍ക്കു മാത്രമാണെന്നും ഷിയ വഖഫ് ബോര്‍ഡ് അറിയിച്ചു.

രാമന്റെ ജന്മസ്ഥലത്താണ് ബാബറി മസ്ജിദ് നിലനിന്നിരുന്നതെന്നും ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് നിര്‍മിച്ചതെന്നും 2010 സെപ്റ്റംബറില്‍ അലഹബാദ് ഹൈക്കോടതി വിധിച്ചിരുന്നു. അയോധ്യയിലെ 2.77 ഏക്കര്‍ തര്‍ക്കഭൂമി മൂന്നായി വിഭജിച്ച് ഹിന്ദുമഹാസഭയ്ക്കും സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കുമായി വിഭജിച്ചുനല്‍കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരായ അപ്പീലുകളാണ് സുപ്രീംകോടതി പരിശോധിക്കുന്നത്.