ന്യൂഡല്‍ഹി: കടുത്ത വിൽപ്പനമാന്ദ്യം നേരിടുന്ന വാഹനവിപണിക്ക് ആശ്വാസപദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. വാഹന രജിസ്‌ടേഷന്‍ഫീസ് വര്‍ധിപ്പിച്ച തീരുമാനം മാറ്റിവെക്കുന്നതുള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങളാണു ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വെള്ളിയാഴ്ച നടത്തിയത്. സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പുതിയ വാഹനങ്ങള്‍ വാങ്ങാനുള്ള വിലക്കുനീക്കി. 2020 മാര്‍ച്ച് 31-നു മുന്‍പ് വാങ്ങുന്ന ബി.എസ്.-4 വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ അതിന്റെ കാലാവധി പൂര്‍ത്തിയാകുംവരെ പിന്‍വലിക്കില്ലെന്നും ധനമന്ത്രി ഉറപ്പുനല്‍കി.

12 മാസമായി തുടര്‍ച്ചായ ഇടിവാണു വാഹനവിപണി നേരിടുന്നത്. വിൽപ്പനമാന്ദ്യത്തില്‍നിന്നു കരകയറ്റാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ പ്രഖ്യാപിക്കണമെന്ന് വാഹന, അനുബന്ധ മേഖലയിലുള്ളവര്‍ നിരന്തരം ആവശ്യപ്പെട്ടുവരുകയായിരുന്നു. രജിസ്‌ട്രേഷന്‍ ഫീസ്‌വര്‍ധന അടുത്ത ജൂണ്‍ വരെയാണു മാറ്റിവെച്ചത്. അതിനുശേഷം വാങ്ങുന്ന വാഹനങ്ങള്‍ക്കേ വര്‍ധിപ്പിച്ച നിരക്കു ബാധകമാകൂ. സാമ്പത്തികമാന്ദ്യത്തിനു പുറമേ, അടുത്ത ഏപ്രിലില്‍ ബി.എസ്.-6 വാഹനങ്ങള്‍ നിര്‍ബന്ധമാക്കുന്നതോടെ ബി.എസ്.-4 വാഹനങ്ങളുടെ കാലാവധി വെട്ടിക്കുറച്ചേക്കുമെന്ന അഭ്യൂഹങ്ങളും വിൽപ്പന കുറയാന്‍ കാരണമായിരുന്നു. അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രി വ്യക്തമാക്കി.

ബി.എസ്.-6 വാഹനങ്ങള്‍ നിര്‍ബന്ധമാക്കുന്ന 2020 ഏപ്രില്‍ ഒന്നിനു മുമ്പായി രജിസ്റ്റര്‍ചെയ്യുന്ന ബി.എസ്.-4 വാഹനങ്ങള്‍ക്കു കാലാവധി പൂര്‍ത്തിയാകുംവരെ കുഴപ്പമുണ്ടാവില്ല. അതിനകം വാങ്ങുന്ന വാഹനങ്ങള്‍ക്കു മറ്റാനുകൂല്യങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വാഹനങ്ങളുടെ തേയ്മാനം കണക്കാക്കുന്നത് 15 ശതമാനത്തില്‍നിന്ന് 30 ശതമാനമാക്കി ഉയര്‍ത്തി. കോര്‍പ്പറേറ്റ് കമ്പനികള്‍ വാങ്ങുന്ന വാഹനങ്ങള്‍ക്കാണ് ഇതു ബാധകമാവുക. അതായത്, കമ്പനികളുടെ അക്കൗണ്ട് ബുക്കില്‍ വാഹനങ്ങളുടെ മൂല്യമെഴുതുമ്പോള്‍ 30 ശതമാനം തേയ്മാനം കണക്കാക്കാം. ഇതുവഴി ലാഭം കുറച്ചുകാണിച്ച് നികുതിയിളവു നേടാന്‍ കമ്പനികള്‍ക്കു സാധിക്കും.

സര്‍ക്കാര്‍ വകുപ്പുകള്‍ പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള വിലക്കുനീക്കിയതും മേഖലയ്ക്കു ഗുണംചെയ്യും. സര്‍ക്കാര്‍വകുപ്പുകള്‍ക്ക് പഴയവാഹനങ്ങള്‍ മാറ്റി പുതിയതു വാങ്ങാനും ഇനി തടസ്സമില്ല. പഴയവാഹനങ്ങള്‍ ഉപേക്ഷിക്കുന്നതിനു പദ്ധതി കൊണ്ടുവരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. പഴയതുമാറ്റി പുതിയ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്കു സാമ്പത്തികാനുകൂല്യം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. വൈദ്യുതവാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനും മറ്റുമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കും.

വാഹനവിൽപ്പനയില്‍ ചരിത്രത്തിലില്ലാത്ത ഇടിവാണു സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍മുതല്‍ ഇക്കഴിഞ്ഞ ജൂലായ്‌വരെ വാഹന വില്‍പ്പന 14 ശതമാനം ഇടിഞ്ഞു. ജൂലായില്‍ മാത്രം യാത്രാവാഹനങ്ങളുടെ വിൽപ്പന 31 ശതമാനമാണു കുറഞ്ഞത്. 2000 ഡിസംബറിനുശേഷം ഇത്രയും വലിയ ഇടിവുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണു മേഖലയ്ക്ക് ഉണര്‍വേകാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ പ്രഖ്യാപിച്ചത്.