ന്യൂഡൽഹി : ബജറ്റിലെ നിർദേശങ്ങളെച്ചൊല്ലി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പ്രതിപക്ഷം ശ്രമിച്ചെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.

നിലവിലുള്ള ആഗോള സാമ്പത്തികസാഹചര്യത്തിൽ അവതരിപ്പിക്കാവുന്ന ഏറ്റവും മികച്ച ബജറ്റാണു തയ്യാറാക്കിയതെന്ന് വിമർശകർക്കും ഇപ്പോൾ ബോധ്യമായിട്ടുണ്ടെന്ന് മോദി അഭിപ്രായപ്പെട്ടു. ബുധനാഴ്ച രാവിലെ ബി.ജെ.പി. പാർലമെന്ററിപാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

അസമിലെ ബ്രൂ-റിയാൻഗ് ആദിവാസിവിഭാഗങ്ങളുമായി ഉണ്ടാക്കിയ കരാർ ചരിത്രപരമാണെന്ന് യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. അക്രമങ്ങൾ അരങ്ങേറുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഈ കരാർ സമാധാനം കൊണ്ടുവരും. മാവോവാദിബാധിത പ്രദേശങ്ങളിൽ സമാധാനവും വികസനവും കൊണ്ടുവരാൻ സർക്കാരിനു കഴിഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബന്ദുകളും വഴിതടയലുകളും പതിവാണ്. ദിവസങ്ങളോളം ജനജീവിതം സ്തംഭിക്കുന്ന നിലയാണ്. ഇപ്പോളവിടെ അവസ്ഥ മെച്ചപ്പെട്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

കൊറോണ വൈറസ് ബാധയെക്കുറിച്ച് ആരോഗ്യമന്ത്രി ഹർഷവർധനും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും യോഗത്തിൽ വിശദീകരിച്ചു. പാർട്ടിയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ജെ.പി. നഡ്ഡയെ പ്രധാനമന്ത്രി മാലയണിയിച്ചു സ്വീകരിച്ചു.

Content Highlights: Attempts made to mislead people on Union Budget-PM Modi