മുംബൈ: വെബ്സൈറ്റിലും ആപ്പിലും മറാഠി ഭാഷ ഉപയോഗിക്കാത്തതിൽ പ്രതിഷേധിച്ച് എം.എൻ.എസ്. പ്രവർത്തകർ ആമസോൺ ഓഫീസുകൾ അടിച്ചുതകർത്തു. ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിന്റെ പുണെയിലും മുംബൈയിലുമുള്ള ഗോഡൗണിനോടു ചേർന്ന ഓഫീസുകൾക്കു നേരെയാണ് ആക്രമണമുണ്ടായത്.

മഹാരാഷ്ട്രയിൽ പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളെല്ലാം മറാഠി ഭാഷ ഉപയോഗിക്കണമെന്ന ആവശ്യമുയർത്തി രാജ് താക്കറെയുടെ എം.എൻ.എസ്. നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമാണ് ആമസോണിനു നേരെയുണ്ടായ ആക്രമണം. വെബ്‌സൈറ്റിലും ആപ്പിലും പരസ്യ പോസ്റ്ററുകളിലും മറാഠി ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളായ ആമസോണിനും ഫ്ലിപ്കാർട്ടിനും എം.എൻ.എസ്. നേതാവ് അഖിൽ ചിത്രേ കത്തയച്ചിരുന്നു. ഫ്ലിപ്കാർട്ട് ഈ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ചെങ്കിലും ആമസോൺ മുഖംതിരിച്ചു എന്നാണ് സംഘടനയുടെ പരാതി.

മുംബൈയിൽ അന്ധേരിക്കടുത്ത് മരോളിലെ ആമസോൺ വെയർഹൗസിനു നേരെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.45- നാണ് ആക്രമണമുണ്ടായത്. ഇവിടത്തെ ഓഫീസിലെ എൽ.ഇ.ഡി. ടിവി. യും ലാപ്‌ടോപ്പും പ്രിന്ററുകളും ചില്ലുപകരണങ്ങളും എം.എൻ.എസ്. പ്രവർത്തകർ അടിച്ചുതകർത്തു. സംഭവത്തിൽ സാക്കിനാക്ക പോലീസ് കേസെടുത്തിട്ടുണ്ട്. പുണെയിൽ കോണ്ഡ്വയിലുള്ള ആമസോൺ കേന്ദ്രത്തിനുനേരെയും സമാനമായ ആക്രമണമുണ്ടായി.

മറാഠി ഭാഷ ഉപയോഗിച്ചില്ലെന്നു ചൂണ്ടിക്കാണിച്ച് പോസ്റ്ററുകൾ എം.എൻ.എസ്. പ്രവർത്തകർ കീറിയതിനെതിരേ നേരത്തേ ആമസോൺ കോടതിയെ സമീപിച്ചിരുന്നു. ദിൻഡോഷിയിലെ കോടതി ഇതേത്തുടർന്ന് പാർട്ടി നേതാവ് രാജ് താക്കറെയ്ക്ക് നോട്ടീസ് അയക്കുകയും ചെയ്തു. ജനുവരി അഞ്ചിന് നേരിട്ട് ഹാജരാകാൻ കോടതി രാജിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്നം ചർച്ചചെയ്തു പരിഹരിക്കുന്നതിനു പകരം കോടതിയിലേക്കു പോയത് എം.എൻ.എസിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. നിയമനടപടി സ്വീകരിച്ചതിന് രാജ് താക്കറെയോട് ആമസോൺ മാപ്പു പറയണമെന്ന ആവശ്യവും നേതാക്കൾ ഉയർത്തിയിട്ടുണ്ട്.

ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മഹാരാഷ്ട്രയിൽ പ്രവർത്തനം അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കിയിട്ടുമുണ്ട്. അതിനിടെ പ്രശ്നപരിഹാരത്തിനായി ആമസോൺ ഉദ്യോസ്ഥരും എം.എൻ.എസ്. നേതാക്കളും ശനിയാഴ്ച ചർച്ച നടത്തി. വെബ്‌സൈറ്റിലും ആപ്പിലും മറാഠി ഉപയോഗിക്കാൻ ആമസോൺ നടപടി തുടങ്ങിയിട്ടുണ്ട് എന്നാണ് അറിയുന്നത്. മഹാരാഷ്ട്രയിലെ മാറിയ രാഷ്ട്രീയസാഹചര്യത്തിൽ മറാഠാ വികാരമുയർത്തി ജനപിന്തുണയാർജിക്കാൻ എം.എൻ.എസ്. നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് മറാഠി ഭാഷയ്ക്കായുള്ള പ്രക്ഷോഭങ്ങളെന്ന് കരുതുന്നു.

content highlights: attack against amazon's office in maharashtra