ബെംഗളൂരു: ബെംഗളൂരുവിലെ എ.ടി.എം. ബൂത്തില്‍ മലയാളി ബാങ്കുദ്യോഗസ്ഥ ജ്യോതി ഉദയിനെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ആന്ധ്രാ സ്വദേശി മധുകര്‍ റെഡ്ഡി കേരളത്തില്‍ തങ്ങിയതായി പോലീസിന് തെളിവുലഭിച്ചു.
ബെംഗളൂരുവിലെ ആക്രമണത്തിനുശേഷം പോലീസിന്റെ പിടിയില്‍പ്പെടാതിരിക്കാനാണ് കേരളത്തിലെത്തിയതെന്ന് മധുകര്‍ റെഡ്ഡി പോലീസിന് മൊഴിനല്‍കി. വിവിധ സ്ഥലങ്ങളിലായി ഒരു വര്‍ഷം പെയിന്റിങ് ജോലിയെടുത്തുവരികയായിരുന്നു. ഈ കാലയളവില്‍ കുറ്റകൃത്യങ്ങളൊന്നും ചെയ്തിട്ടില്ലെന്നും പോലീസിനോട് ചോദ്യം ചെയ്യലില്‍ പറഞ്ഞു.
തുടര്‍ന്ന് ഹൈദരാബാദ്, ഗുണ്ടൂര്‍ എന്നിവിടങ്ങളിലെ ഹോട്ടലുകളിലും ജോലി ചെയ്തു. അമ്മ മരിച്ചതിനെത്തുടര്‍ന്നാണ് മധുകര്‍ റെഡ്ഡി വീണ്ടും സ്വന്തം നാടായ ആന്ധ്രയിലെ ചിറ്റൂരില്‍ മടങ്ങിയെത്തിയത്. ആദ്യഭാര്യ ഒഴിവാക്കിപ്പോയശേഷം മറ്റൊരു സ്ത്രീയോടൊപ്പമാണ് ഇയാള്‍ താമസം.
ഞായറാഴ്ച ആന്ധ്രാ പോലീസ് മദനപ്പള്ളിയില്‍ മജിസ്‌ട്രേട്ടിന്റെ വീട്ടില്‍ ഹാജരാക്കിയ മധുകര്‍ റെഡ്ഡിയെ ഫെബ്രുവരി 17 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു. എ.ടി.എം.ബൂത്തിലെ ആക്രമണക്കേസില്‍ മധുകര്‍ റെഡ്ഡിയെ ബെംഗളൂരുവിലെത്തിച്ച് തെളിവെടുക്കും. ഇതിനുള്ള നീക്കം പോലീസ് ആരംഭിച്ചു.
ആന്ധ്രയില്‍ രണ്ട് കൊലപാതകക്കേസുകളില്‍ മധുകര്‍ റെഡ്ഡി പ്രതിയാണെന്ന് പോലീസ് പറഞ്ഞു. 2010-ല്‍ അനന്തപുരിലെ ധര്‍മാവരത്ത് സ്ത്രീയെ കൊലപ്പെടുത്തിയതും ഹൈദരാബാദില്‍ ലൈംഗികത്തൊഴിലാളിയെ കൊലപ്പെടുത്തിയതും മധുകര്‍ റെഡ്ഡിയാണെന്നാണ് പോലീസ് കണ്ടെത്തിയത്.
2006-ല്‍ നാടന്‍ബോംബ് എറിഞ്ഞ് ഒരാളെ കൊലപ്പെടുത്തിയ കേസില്‍ കഡപ്പ ജയിലില്‍ കഴിയുമ്പോഴാണ് മധുകര്‍ റെഡ്ഡി രക്ഷപ്പെട്ടത്. ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പോലീസിനെ കബളിപ്പിച്ച് കടന്നുകളയുകയായിരുന്നു. ആന്ധ്രയില്‍ ചില എ.ടി.എം. ബൂത്തുകളില്‍ അക്രമം നടത്തിയ കേസുകളിലും പ്രതിയാണ്.
തന്നെ ആക്രമിച്ചകേസിലെ പ്രതിയെ അറസ്റ്റുചെയ്തതില്‍ സന്തോഷമുണ്ടെന്ന് ജ്യോതി ഉദയ് പറഞ്ഞു. കുറ്റവാളിയെ പുറത്തുവിടരുതെന്നും ശക്തമായ ശിക്ഷ ഉറപ്പുവരുത്തണമെന്നും അവര്‍ പറഞ്ഞു.
2013 നവംമ്പര്‍ 19-നാണ് കോര്‍പ്പറേഷന്‍ ബാങ്കിന്റെ എ.ടി.എം. ബൂത്തിനുള്ളില്‍ തിരുവനന്തപുരം സ്വദേശി ജ്യോതി ഉദയിനെ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്.