ചെന്നൈ: തിരഞ്ഞെടുപ്പ് വേളകളിൽ തമിഴകത്ത് സീറ്റിന് അടിപിടിയില്ല. പല പാർട്ടികളും സ്ഥാനാർഥികളെ നേരത്തേ കണ്ടുവെച്ചിട്ടുണ്ടാവുമെങ്കിലും ഒന്നും ഉരിയാടാതെ മാറിനിൽക്കും. സുതാര്യമാണെന്നു തോന്നിപ്പിക്കാൻ അപേക്ഷവഴി സ്ഥാനാർഥിമോഹികളെ ക്ഷണിക്കും. പാർട്ടിഫണ്ടിലേക്ക് പണം സ്വരൂപിക്കാനുളള എളുപ്പമാർഗംകൂടിയാണിത്.

സ്ഥാനാർഥിമോഹികൾക്ക് നിശ്ചിത ഫീസോടെ അപേക്ഷിക്കാം. സൂക്ഷ്മപരിശോധനയ്ക്കുശേഷം തളേളണ്ടവനെ തളളും, കൊേള്ളണ്ടവനെ കൊള്ളും - അതാണ് തമിഴ് സ്റ്റൈൽ. ഇത്തവണയും തിരഞ്ഞെടുപ്പുവിജ്ഞാപനം വരുന്നതിനു മുമ്പുതന്നെ എ.ഐ.എ.ഡി.എം.കെ.യും ഡി.എം.കെ.യും കമൽഹാസന്റെ അമ്മ മക്കൾ മുന്നേറ്റകഴകവുമൊക്കെ സ്ഥാനാർഥിയാവാൻ താത്‌പര്യമുള്ളവരുടെ അപേക്ഷ സ്വീകരിച്ചുതുടങ്ങി. എ.ഐ.എ.ഡി.എം.കെ.യിൽ തമിഴ്‌നാട്ടിൽ മത്സരിക്കാൻ 15,000 രൂപയാണ് നിരക്ക്. പുതുച്ചേരിയിൽ 5000, കേരളത്തിൽ 2000 എന്നിങ്ങനെയാണ് നിരക്ക്. ഡി.എം.കെ. അപേക്ഷാേഫാറത്തിന് 1000 രൂപ ഈടാക്കുന്നു. 25,000 രൂപയാണ് അപേക്ഷാഫീസ്. വനിതകൾക്കും സംവരണസീറ്റിലേക്കുള്ള അപേക്ഷകർക്കും 15,000 രൂപയാണ്. സീറ്റില്ലെങ്കിൽ പണം തിരികെനൽകില്ല.

കമൽഹാസന്റെ മക്കൾ നീതി മയ്യത്തിന്റെ അപേക്ഷാഫീസ് 25,000 രൂപയാണ്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഒരേനിരക്കാണ്. ഇവിടെയും സീറ്റ് ലഭിക്കാത്തവർക്ക് പണം തിരികെ നൽകില്ല. തുക പാർട്ടിച്ചെലവിലേക്കെടുക്കുമെന്നാണ് കമൽഹാസൻ വ്യക്തമാക്കിയിരിക്കുന്നത്.