ന്യൂഡൽഹി: അസമിലെ ആറ്‌ തടങ്കൽപ്പാളയങ്ങളിലായി കഴിഞ്ഞ ഒരുവർഷത്തിനിടെ 10 പേർ മരിച്ചതായി കേന്ദ്ര ആഭ്യന്തരസഹമന്ത്രി ജി. കിഷൻ റെഡ്ഡി അറിയിച്ചു. 2019 മാർച്ച് ഒന്നുമുതൽ 2020 ഫെബ്രുവരി 29-വരെയുള്ള കാലത്ത് വിവിധ ആശുപത്രികളിലായാണ് ഇവർ മരിച്ചതെന്ന് അദ്ദേഹം ലോക്‌സഭയെ രേഖാമൂലം അറിയിച്ചു.

അസമിലെ തെസ്‌പുർ, സിൽചർ, ഡിബ്രുഗഢ്, ജോർഹട്ട്, കൊക്രഝാർ, ഗോൽപര എന്നിവിടങ്ങളിലെ പാളയങ്ങളിലായി 3331 പേരെ പാർപ്പിച്ചിട്ടുണ്ടെന്നും 3000 പേരെക്കൂടി പാർപ്പിക്കാൻ കഴിയുന്ന കേന്ദ്രത്തിന്റെ പണിനടക്കുകയാണെന്നും അദ്ദേഹം സഭയെ അറിയിച്ചു.

വിദേശികളെയും കുറ്റവാളികളായ വിദേശികളെയുമാണ് ഇവിടങ്ങളിൽ പാർപ്പിച്ചിരിക്കുന്നത്. ദേശീയപൗരത്വപ്പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരെ പാർപ്പിക്കാനുള്ള തടങ്കൽപ്പാളയങ്ങൾ അസമിൽ പ്രവർത്തിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

Content Highlights: Assam detention centres