മുംബൈ: ‘പരിചയമുള്ള ഒരു ഓട്ടോ ഡ്രൈവർ ഒരിക്കൽ ചോദിച്ചു നിങ്ങളുടെ വീട്ടിൽ നല്ല തടിയുള്ള ഒരു സ്ത്രീ ഉണ്ടായിരുന്നല്ലോ അവരെ കുറേ കാലമായി കാണാനില്ലല്ലോയെന്ന്. എനിക്ക് ചിരി വന്നു. അത് ഞാൻതന്നെയാണെന്നു പറഞ്ഞിട്ട് അയാൾക്ക് വിശ്വസംവന്നില്ല’- മാധ്യമപ്രവർത്തകരോട്‌ സംസാരിക്കവേ 42-കാരിയായ അമിത രജാനി ഒരടി ഉയരമുള്ള സ്റ്റേജിൽനിന്ന്‌ താഴോട്ടിറങ്ങി. ഒരടി താഴോട്ടിറങ്ങുന്നതുപോയിട്ട് ഒരടി മുന്നോട്ടുവെക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു അമിത. മൂന്നോ നാലോ ആളുകളുടെ സഹായമില്ലാതെ ഒന്നുംചെയ്യാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഇവർ. ഏഷ്യയിലെ ഏറ്റവുംഭാരമുള്ള വനിത താൻ ജീവിതത്തിലേക്ക് തിരിച്ചെത്തിയ കഥ പറയുകയാണ്. 300 കിലോയിൽനിന്ന് നാലുവർഷംകൊണ്ട് 86 കിലോ ആയിക്കുറഞ്ഞ കഥ.

മുംബൈ ലീലാവതി ഹോസ്പിറ്റലിലെ ഡോ. ശശാങ്ക് ഷായാണ് അവരെ ജീവിതത്തിലേക്ക് തിരികെനടത്തിയത്. മഹാരാഷ്ട്രയിലെ വസായ് സ്വദേശിയായ അമിത ജനിക്കുമ്പോൾ തൂക്കം സാധാരണ കുട്ടികളെപ്പോലെ മൂന്നു കിലോ. ആറാം വയസ്സിലേക്ക്‌ കടന്നതോടെ തൂക്കം കൂടാൻതുടങ്ങി. 16-ാം വയസ്സിൽ 126 കിലോ ആയി. അതോടെ അസുഖങ്ങളും കൂട്ടിനെത്തി. ശ്വസതടസ്സം കൂടിവന്നതോടെ ഓക്സിജൻ എപ്പോഴും വേണമെന്നായി. 2007 മുതൽ കിടക്കയിൽനിന്ന് എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയിലെത്തി. എട്ടുവർഷത്തോളമാണ് ഒരേ കിടപ്പുകിടന്നത്. ശരീരം തുടയ്ക്കാനും വൃത്തിയാക്കാനുമായി ദിവസം നൂറിലധികം തൂവാലകൾ ഉപയോഗിക്കേണ്ടിവന്നു.

ലീലാവതി ഹോസ്പിറ്റലിൽ ഡോ. ശശാങ്ക് ഷായെ കാണാൻവേണ്ടിമാത്രമാണ് വർഷങ്ങൾക്കുശേഷം അമിത പുറത്തിറങ്ങിയത്. വാതിൽ പൊളിച്ചുമാറ്റി ഒരു ആംബുലൻസിൽ വലിയൊരു സോഫ അമിതയ്ക്കുവേണ്ടി പണിതുറപ്പിക്കുകയായിരുന്നു. ഇതിലിരുന്നാണ് ആശുപത്രിയിൽ എത്തിയത്. ആസ്പത്രിയിൽ പ്രത്യേകം കട്ടിലും കിടക്കയും ഒരുക്കിയിരുന്നു. ശസ്ത്രക്രിയയ്ക്ക് മാസങ്ങൾനീണ്ട ഒരുക്കങ്ങൾ. ശസ്ത്രക്രിയതന്നെ രണ്ട്‌ ഘട്ടങ്ങളിലായാണ്‌ നടത്തിയത്. 2015-ൽ നടത്തിയ ശസ്ത്രക്രിയയ്ക്കുശേഷം പരസഹായമില്ലാതെ അമിത നടക്കാൻ തുടങ്ങി. 2017-ലെ രണ്ടാം ശസ്ത്രക്രിയയ്ക്കു ശേഷം 140 കിലോ കൂടി കുറഞ്ഞു. ഇപ്പോൾ ഇവർ സാധാരണ ജീവിതത്തിലേക്ക് എത്തിക്കഴിഞ്ഞു. ‘ഇപ്പോൾ എനിക്ക് സാധാരണ ഒരാൾ ചെയ്യുന്ന എല്ലാ ജോലിയും ചെയ്യാ’- സാധാരണജീവിതത്തിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷം അമിത മറച്ചുവെക്കുന്നില്ല.

ഓഹരിവിപണിയിൽ സജീവമായി ഇടപാടുനടത്തുന്ന അമിത ഇപ്പോൾ താനെയിൽ ഇതിനായുള്ള പ്രത്യേക ക്ലാസിൽ പോവാറുണ്ട്. മറ്റുള്ളവരെപ്പോലെ ലോക്കൽ ട്രെയിനിൽത്തന്നെ യാത്ര. വർഷങ്ങളായി അമിതയുടെ നിഴൽപോലെ ജീവിക്കുകയായിരുന്നു അമ്മ മംമ്ത രജാനി. ‘ഞാൻ ഇല്ലാതെ അവൾക്കൊന്നും ചെയ്യാൻ കഴിയില്ലായിരുന്നു. നിരവധി ഡോക്ടർമാരെ കണ്ടു. ആയുർവേദമുൾപ്പെടെ പരീക്ഷിച്ചു. മന്ത്രവാദംവരെ നടത്തി. അവസാനം രക്ഷകനെപ്പോലെ ഡോ. ശശാങ്ക് ഷാ എത്തി. 35 ലക്ഷത്തോളം രൂപ ചെലവായ’- മംമ്ത രജാനി പറഞ്ഞു.

Content Highlights: Asia's Heaviest Woman Amita Rajani Reduces her over weight