ന്യൂഡൽഹി: ലഖിംപുർ ഖേരിയിൽ കർഷകരെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയും കൂട്ടാളി ആശിഷ് പാണ്ഡേയും സമർപ്പിച്ച ജാമ്യാപേക്ഷ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളി. മിശ്രയെ കഴിഞ്ഞ ദിവസം മൂന്നുദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.

ഈ കേസിൽ രണ്ടുപേരെക്കൂടി പ്രത്യേകാന്വേഷണസംഘം അറസ്റ്റു ചെയ്തു. മന്ത്രിപുത്രൻ ആശിഷ് മിശ്രയുടെ കൂട്ടാളി അങ്കിത് ദാസ്, കാലെ എന്ന ലത്തീഫ് എന്നിവരാണ് പിടിയിലായത്. ഇവരെ കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇതോടെ, അക്രമത്തിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.

മുൻമന്ത്രി അഖിലേഷ് ദാസിന്റെ മരുമകനാണ് അങ്കിത് ദാസ്. കർഷകർക്കുമേൽ ഓടിച്ചുക്കയറിയ വാഹനം അങ്കിതിന്റേതാണെന്നാണ് വെളിപ്പെടുത്തൽ.

ലഖിംപുർ സംഭവത്തിൽ കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം തുടരുമെന്ന് സംയുക്ത കിസാൻമോർച്ച വ്യക്തമാക്കി. ദസറ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ എന്നിവരുടെ കോലങ്ങൾ കത്തിച്ചു പ്രതിഷേധിക്കും.

ഹാർവാഡ് സർവകലാശാലയിൽ ചോദ്യം ഉയർന്നപ്പോഴാണ് ലഖിംപുർ സംഭവത്തെ അപലപിക്കാൻ കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ നിർബന്ധിതയായതെന്ന് കിസാൻമോർച്ച നേതാക്കൾ പറഞ്ഞു. ലഖിംപുർ കൂട്ടക്കൊലയെ മറ്റു സംഭവങ്ങളുമായി താരതമ്യപ്പെടുത്തി മന്ത്രി അജയ് മിശ്രയടക്കമുള്ളവരെ സംരക്ഷിക്കാനാണ് ധനമന്ത്രി ശ്രമിച്ചതെന്നും കിസാൻമോർച്ച കുറ്റപ്പെടുത്തി.