ന്യൂഡൽഹി: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ വാഹനമിടിച്ചു കർഷകരെ കൊലപ്പെടുത്തിയെന്ന കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

രണ്ടാഴ്ചത്തേക്കാണ് പോലീസ് ആവശ്യപ്പെട്ടതെങ്കിലും ഒക്ടോബർ 12 മുതൽ 15 വരെ കോടതി റിമാൻഡ് അനുവദിക്കുകയായിരുന്നെന്ന് പ്രോസിക്യൂഷൻ ഓഫീസർ എസ്.പി. യാദവ് പറഞ്ഞു. ചോദ്യം ചെയ്യൽ വേളയിലെല്ലാം ആശിഷിന്റെ അഭിഭാഷകൻ കൂടെയുണ്ടാകണമെന്ന നിബന്ധനയോടെ ലഖിംപുർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് ചിന്താരാമാണ് ആശിഷിനെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. അറസ്റ്റിലായതിനു പിന്നാലെ കോടതി ആശിഷിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.

ചോദ്യം ചെയ്യലുമായി ആശിഷ് സഹകരിക്കുന്നില്ലെന്നും ഒക്ടോബർ മൂന്നിലെ കൂട്ടക്കൊലയെക്കുറിച്ച് വ്യക്തത വരുത്താൻ ആശിഷിനെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പോലീസ് കോടതിയിൽ വാദിച്ചു. എന്നാൽ, 12 മണിക്കൂർ ചോദ്യം ചെയ്തിട്ടും വിവരം ലഭിച്ചില്ലേ എന്നായിരുന്നു പ്രതിഭാഗത്തിന്റെ ചോദ്യം. പോലീസിന്റെ 40 ചോദ്യങ്ങൾക്കും കൃത്യമായ വിവരം നൽകിയിട്ടുണ്ടെന്നും കസ്റ്റഡി അപേക്ഷയിൽ മതിയായ കാരണമില്ലെന്നും ആശിഷ് മിശ്രയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തുടർന്നാണ് പോലീസിന്റെ രണ്ടാഴ്ചത്തെ ആവശ്യം മൂന്നു ദിവസമായി പരിമിതപ്പെടുത്തിയുള്ള ഉത്തരവ് കോടതി നൽകിയത്.

ആശിഷ് മിശ്രയെ ശനിയാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് വൈകുന്നതിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. മന്ത്രിയുടെ മകനായതിനാൽ പ്രതിക്ക് വി.ഐ.പി. പരിഗണന ലഭിക്കുന്നതായും പ്രതിപക്ഷ പാർട്ടികൾ ആക്ഷേപമുയർത്തി. സുപ്രീംകോടതിയും പ്രശ്നത്തിൽ ഇടപെട്ടു. പിന്നാലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി ഇയാൾ കീഴടങ്ങി.

കേന്ദ്രമന്ത്രി രാജിവെക്കണമെന്നും മകനെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് തിങ്കളാഴ്ച രാജ്യവ്യാപകമായി മൗനവ്രത പ്രതിഷേധം നടത്തി.