ജോധ്പുര്‍ (രാജസ്ഥാന്‍): അഞ്ചുവര്‍ഷംമുന്‍പ് ആശ്രമത്തില്‍ പതിനാറുകാരിയെ ബലാല്‍സംഗംചെയ്ത കേസില്‍ ആള്‍ദൈവം ആസാറാം ബാപ്പു(77)വിന് മരണംവരെ ജീവപര്യന്തം തടവ്. ജോധ്പുരില്‍ പട്ടികജാതി-വര്‍ഗക്കാരുടെ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജി മധുസൂദന്‍ ശര്‍മയാണ് ജോധ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ തയ്യാറാക്കിയ കോടതിമുറിയില്‍ ബുധനാഴ്ച ഉച്ചതിരിഞ്ഞ് വിധി പ്രഖ്യാപിച്ചത്.

വിവിധ സംസ്ഥാനങ്ങളിലായി ആയിരക്കണക്കിന് അനുയായികളുള്ള ആസാറാം പ്രതിയായ കേസിലെ വിധിപ്രഖ്യാപനം കനത്ത സുരക്ഷയിലാണ് നടന്നത്. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹരിയാണ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ കേന്ദ്ര നിര്‍ദേശത്തെത്തുടര്‍ന്ന് പോലീസ് ജാഗ്രതയിലായിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ മറ്റൊരു ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ് സമാനമായ കേസില്‍ ശിക്ഷിക്കപ്പെട്ടപ്പോള്‍ ഉത്തരേന്ത്യയാകെ കലാപത്തിലമര്‍ന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ജാഗ്രതാ നിര്‍ദേശം.

മധ്യപ്രദേശിലെ ഛിന്ദ്വാഡയിലെ ആശ്രമം സ്‌കൂളില്‍ താമസിച്ചു പഠിച്ചിരുന്ന പന്ത്രണ്ടാംക്ലാസ് വിദ്യാര്‍ഥിനിയെ 2013 ഓഗസ്റ്റ് 15-ന് രാത്രി ജോധ്പുര്‍ മനായിലെ ആശ്രമത്തില്‍ വിളിച്ചുവരുത്തി ബലാല്‍സംഗം ചെയ്‌തെന്നാണ് കേസ്. രണ്ടുദിവസം തുടര്‍ച്ചയായി അതിക്രമത്തിന് ഇരയാക്കിയെന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതിനല്‍കിയത്. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുര്‍ സ്വദേശിയാണ് പെണ്‍കുട്ടി.

പോക്‌സോ, ബാലനീതിനിയമം, പട്ടികജാതി-വര്‍ഗ (അതിക്രമം തടയല്‍) നിയമം എന്നിവയിലെ വകുപ്പുകള്‍ പ്രകാരം ആസാറാം കുറ്റക്കാരനാണെന്ന് രാവിലെ കോടതി പ്രഖ്യാപിച്ചു. ഉച്ചതിരിഞ്ഞ് ശിക്ഷയും പ്രഖ്യാപിച്ചു. ആസാറാമിന്റെ കൂട്ടുപ്രതികളായ ശില്പി, ശരദ് എന്നിവര്‍ക്ക് 20 വര്‍ഷംവീതം കഠിനതടവും ലഭിച്ചു. മറ്റു രണ്ടു പ്രതികളായ പ്രകാശ്, ശിവ എന്നിവരെ വിട്ടയച്ചു.

2013 സെപ്റ്റംബര്‍ ഒന്നിനാണ് ആസാറാമിനെ അറസ്റ്റുചെയ്തത്. അന്നുമുതല്‍ ജോധ്പുര്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന ആസാറാം ജാമ്യത്തിനായി ആറുതവണ വിചാരണക്കോടതിയെയും മൂന്നുതവണവീതം രാജസ്ഥാന്‍ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

കേസ് തേച്ചുമാച്ചുകളയാന്‍ നടന്ന ശ്രമങ്ങള്‍ ഏറെ വിവാദമുണ്ടാക്കിയിരുന്നു. അന്വേഷണത്തിനു നേതൃത്വം നല്‍കിയ ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ അജയ് പാല്‍ ലാമ്പയ്ക്ക് രണ്ടായിരത്തിലേറെ ഭീഷണിക്കത്തുകളാണ് ലഭിച്ചത്. മൂന്നു പ്രധാന സാക്ഷികള്‍ വെടിയേറ്റുമരിച്ചു. മൊഴി നല്‍കിയ ഒന്‍പതുപേര്‍ പലകാലയളവില്‍ ആക്രമിക്കപ്പെട്ടു. ആസാറാമിന്റെ അനുയായികളാണ് ഇതിനു പിന്നിലെന്നാണ് ആരാപണം. സാക്ഷികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേസില്‍ സി.ബി.ഐ. അന്വേഷണം നടക്കുകയാണ്.

ഗുജറാത്തിലെ സാബര്‍മതി തീരത്ത് ചെറിയൊരു കുടിലില്‍ ആത്മീയജീവിതം തുടങ്ങിയ ആസാറാം നാല്‍പ്പതു വര്‍ഷംകൊണ്ട് പതിനായിരം കോടിയിലേറെ രൂപയുടെ ആസ്തിയുള്ള 'ആള്‍ദൈവ'മായിമാറി. രാജ്യത്തിനകത്തും പുറത്തുമായി നാനൂറിലേറെ ആശ്രമങ്ങളാണ് അയാള്‍ സ്ഥാപിച്ചത്. രാഷ്ട്രീയക്കാരും ഉന്നതോദ്യോഗസ്ഥരും അനുയായിവൃന്ദത്തില്‍പ്പെടും. സൂറത്തില്‍ മറ്റൊരു ബലാല്‍സംഗക്കേസിലും പ്രതിയാണ് ആസാറാം.

കേസിന്റെ വിചാരണ അഞ്ചാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ഈ മാസമാദ്യം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ആസാറാമിന്റെ മകന്‍ നാരായണ്‍ സായിയും മറ്റൊരു ലൈംഗികപീഡനക്കേസിലും ബലാല്‍സംഗക്കേസിലെ സാക്ഷികളെ വധിച്ച കേസിലും പ്രതിയാണ്.