ഹൈദരാബാദ്: ജമ്മുകശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനികർ കൊല്ലപ്പെടുകയും നാട്ടുകാർ മരിക്കുകയും ചെയ്യുമ്പോൾ ഇന്ത്യ പാകിസ്താനുമായി ട്വന്റി ട്വന്റി കളിക്കാൻ പോവുകയാണോയെന്ന് മജ്‌ലിസ് പാർട്ടി തലവൻ അസദുദ്ദിൻ ഒവൈസി.

“നമ്മുടെ സൈനികർ കൊല്ലപ്പെട്ടു. ജമ്മുകശ്മീരിൽ ഓരോ ദിവസവും ഇന്ത്യക്കാരുടെ ജീവൻവെച്ച് പാകിസ്താൻ ‘ട്വന്റി ട്വന്റി’ കളിക്കുകയാണ്. ജമ്മുകശ്മീരിൽ ഒൻപതു സൈനികർ കൊല്ലപ്പെട്ടിരിക്കെ പാകിസ്താനുമായി ഒക്ടോബർ 24-ന് കളിക്കാൻ പോവുകയാണോ?” -ഹൈദരാബാദിൽ നടന്ന പരിപാടിയിൽ അദ്ദേഹം ചോദിച്ചു.

“ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരാണ് കശ്മീരിൽ പൗരന്മാരെ ലക്ഷ്യമിട്ട് തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങൾക്കു കാരണം. ബിഹാറിൽ നിന്നുള്ള പാവപ്പെട്ട തൊഴിലാളികൾ കൊല്ലപ്പെടുന്നു. ചിലരെ മാത്രം ലക്ഷ്യമിട്ടുള്ള കൊല നടക്കുന്നു. ഇന്റലിജൻസ് ബ്യൂറോയും അമിത് ഷായും ഇവിടെ എന്താണ് ചെയ്യുന്നത്? ഇതെല്ലാം കേന്ദ്രത്തിന്റെ പരാജയമാണ്” -അദ്ദേഹം പറഞ്ഞു. ഒക്ടോബർ 24-ന് ദുബായിലാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം.