മുംബൈ: കേന്ദ്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരമേറ്റ് 50 ദിവസം പിന്നിടുമ്പോൾ ഓഹരിവിപണിയിൽ നഷ്ടമായത് 11.70 ലക്ഷം കോടി രൂപ. ബി.എസ്.ഇ.യിൽ ‘ലിസ്റ്റ്’ചെയ്ത പത്തു കമ്പനികളിൽ ഒമ്പതിന്റെയും ഓഹരിവില ഇടിഞ്ഞു. ആകെ ‘ലിസ്റ്റ്’ ചെയ്ത 2,664 കമ്പനികളിൽ 2,294 എണ്ണത്തിന്റെയും വിലയിൽ ഇടിവുണ്ടായി. ജൂലായ് 19 വരെ സെൻസെക്സിൽ ആകെ 1,800 പോയിന്റാണ് ഇടിഞ്ഞത്.

ജൂൺ മൂന്നിന് ആകെ വിപണിമൂല്യം 156 ലക്ഷം കോടി രൂപയായിരുന്നത് ജൂൺ 19-ന് 144 ലക്ഷം കോടി രൂപയിലേക്ക് ഇടിയുകയായിരുന്നു. അറുപത് ശതമാനത്തോളം കമ്പനികൾക്ക് ഓഹരിവിലയിൽ പത്തുശതമാനത്തിലധികം ഇടിവുണ്ടായി. മൂന്നിലൊന്ന് എണ്ണത്തിന് (903) 20 ശതമാനത്തിലധികമാണ് ഇടിവ്.

ബജറ്റിനുശേഷം വിപണിയിൽ ഇടിവുതുടരുകയാണ്. ബജറ്റിലെ ചില നിർദേശങ്ങളാണ് തിരിച്ചടിയായത്. ട്രസ്റ്റുകളുടെ രൂപത്തിലുള്ള വിദേശനിക്ഷേപകസ്ഥാപനങ്ങൾക്ക് അതിസമ്പന്ന നികുതി ഏർപ്പെടുത്തിയതാണ് ഇതിൽ പ്രധാനം. ഇതോടെ ഇവർ കൂട്ടത്തോടെ വിപണിയിൽനിന്നു പിൻമാറുകയാണ്. ജൂലായിൽ ഇതുവരെ 7712 കോടി രൂപയുടെ ഓഹരികളാണ് വിദേശനിക്ഷേപകസ്ഥാപനങ്ങൾ വിറ്റഴിച്ചത്. ‘ലിസ്റ്റ്’ചെയ്ത കമ്പനികളിൽ പൊതു ഓഹരിപങ്കാളിത്തം 35 ശതമാനമാക്കണമെന്ന ശുപാർശയാണ് മറ്റൊന്ന്. രാജ്യത്തെ വളർച്ചനിരക്ക് കുറയുമെന്ന റിപ്പോർട്ടുകളും ബാധിച്ചു.

‘നിഫ്റ്റി’യിലും സ്ഥിതി വ്യത്യസ്തമല്ല. മൂന്നിൽ രണ്ടുഭാഗം കമ്പനികളുടെയും ഓഹരികൾ അതിന്റെ 52 ആഴ്ചത്തെ ഉയർന്നനിലയിൽനിന്ന് പത്തുശതമാനത്തിലധികം താഴെയാണ് ഇപ്പോഴുള്ളത്.

content highlights: As Modi 2.0 hits half-century mark, share market counts Rs 12,00,000 crore loss