ന്യൂഡൽഹി: പനിയും തൊണ്ടവേദനയും ബാധിച്ചതിനെത്തുടർന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സ്വയം സമ്പർക്കവിലക്കിൽ പോയി. അദ്ദേഹത്തിനു ചൊവ്വാഴ്ച കോവിഡ് പരിശോധന നടത്തും.

കേന്ദ്രമന്ത്രിമാർക്കൊപ്പം പതിവായി വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്ന പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പി.ഐ.ബി) പ്രിൻസിപ്പൽ ഡയറക്ടർ ജനറൽ കെ.എസ്. ദത്ത് വാലിയയെ കോവിഡ് ബാധിച്ചതിനെത്തുടർന്ന് എയിംസിൽ പ്രവേശിപ്പിച്ചു. കേന്ദ്രമന്ത്രിമാരുടെ വാർത്താസമ്മേളനങ്ങൾ നിയന്ത്രിച്ചിരുന്ന ദത്ത് വാലിയയ്ക്കു കോവിഡ് സ്ഥിരീകരിച്ചതോടെ നാഷണൽ മീഡിയ സെന്റർ രണ്ടു ദിവസത്തേക്ക് അടച്ചു. വാർത്താസമ്മേളനങ്ങൾ ശാസ്ത്രിഭവനിലേക്ക്‌ മാറ്റി. കേന്ദ്രമന്ത്രിമാരായ നരേന്ദർ സിങ് തോമർ, പ്രകാശ് ജാവഡേക്കർ എന്നിവർക്കൊപ്പം ബുധനാഴ്ച അദ്ദേഹം പത്രസമ്മേളനവേദിയിലുണ്ടായിരുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥന് രോഗം ബാധിച്ചതായി റിപ്പോർട്ടുകളുണ്ടെങ്കിലും സ്ഥിരീകരണമായിട്ടില്ല.