ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മകൾ ഹർഷിത ഓൺലൈൻ തട്ടിപ്പിനിരയായി. ഒ.എൽ.എക്‌സിൽ സെക്കൻഡ് ഹാൻഡ് സോഫ വിൽക്കാൻ ശ്രമിച്ചപ്പോഴായിരുന്നു ഹർഷിത തട്ടിപ്പിനിരയായത്. സോഫ വാങ്ങാനെന്ന പേരിൽ ബന്ധപ്പെട്ടയാൾ അക്കൗണ്ടിൽനിന്ന്‌ 34,000 രൂപ തട്ടിയെടുത്തു. സംഭവത്തിൽ സിവിൽ ലൈൻസ് പോലീസ് വഞ്ചനക്കുറ്റത്തിനു കേസെടുത്തു. അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

ഓൺലൈൻ വിപണന വേദിയായ ഒ.എൽ.എക്‌സിൽ സോഫ വിൽക്കാനുണ്ടെന്ന് ഹർഷിത പരസ്യപ്പെടുത്തിയിരുന്നു. ഒരാൾ താത്‌പര്യപ്പെട്ടു രംഗത്തെത്തി. സോഫയുടെ വില പറഞ്ഞുറപ്പിച്ചു. ഹർഷിതയെ വിശ്വസിപ്പിക്കാൻ അയാൾ ചെറിയൊരു തുക അക്കൗണ്ടിലിട്ടു കൊടുത്തു. പിന്നീട്, ഹർഷിതയുടെ അക്കൗണ്ടിൽ നിന്നും രണ്ടുഗഡുക്കളായി 34,000 രൂപ നഷ്ടപ്പെടുകയായിരുന്നു. ആദ്യം 20,000 രൂപയും പിന്നീട് 14,000 രൂപയും നഷ്ടപ്പെട്ടതായി ഹർഷിത പരാതിയിൽ പറഞ്ഞു.

ബാർ കോഡ് സ്കാൻ ചെയ്യാൻ നൽകുന്നതാണ് ഓൺലൈൻ തട്ടിപ്പുകാരുടെ പതിവുരീതി. ഇരയെ വിശ്വസിപ്പിക്കാൻ ആദ്യം ബാർ കോഡ് അയച്ചുകൊടുക്കും. ചെറിയൊരു തുക അഡ്വാൻസെന്ന പേരിൽ അക്കൗണ്ടിലയയ്ക്കുകയും ചെയ്യും. പിന്നീട്, വീണ്ടും ബാർ കോഡ് അയച്ചു കൊടുക്കുകയും അതുവഴി ഇരകളുടെ അക്കൗണ്ടിൽനിന്ന്‌ പണം തട്ടിയെടുക്കുകയും ചെയ്യും. നേരിൽ ഇടപാടുനടത്താതെ ഓൺലൈൻ വഴി തന്നെ ആശയവിനിമയം നടത്തുന്നതാണ് തട്ടിപ്പുകാരുടെ പതിവുരീതി.

Content Highlights; Arvind Kejriwal daughter Harshita duped OLX fraud