ന്യൂഡൽഹി: ജനകീയ പ്രഖ്യാപനങ്ങളുമായി പഞ്ചാബിൽ തിരഞ്ഞെടുപ്പിന്റെ തിരയിളക്കം സൃഷ്ടിച്ച് എ.എ.പി. നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. അധ്യാപകർക്കായി പ്രത്യേക സ്ഥലംമാറ്റനയമാണ് ചൊവ്വാഴ്ചത്തെ വാഗ്ദാനം. അടുത്തവർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രണ്ടുദിവസമായി പഞ്ചാബിലാണ് കെജ്‌രിവാൾ.

അമൃത്‍സറിൽ അധ്യാപകരുമായി അദ്ദേഹം സംവദിച്ചു. മാസം 10,000 രൂപയാണ് അധ്യാപകരുടെ ശമ്പളം. ഡൽഹിയിൽ എ.എ.പി. സർക്കാർ നടപ്പാക്കിയ മിനിമം വേതനംപോലും പഞ്ചാബിൽ അധ്യാപകർക്കു ലഭിക്കുന്നില്ല. എ.എ.പി. സർക്കാരുണ്ടാക്കിയാൽ അധ്യാപകരെ സ്ഥിരപ്പെടുത്തും. അവർക്ക് ഇഷ്ടമുള്ള സ്കൂൾ തിരഞ്ഞെടുക്കാൻ പാകത്തിൽ സ്ഥലമാറ്റനയവും നടപ്പാക്കും. പരിശീലനത്തിനായി വിദേശരാജ്യങ്ങളിലയയ്ക്കും -കെജ്‌രിവാൾ പ്രഖ്യാപിച്ചു.

പ്രായപൂർത്തിയായ സ്ത്രീകൾക്ക് മാസം 1000 രൂപവീതം സഹായധനം നൽകുമെന്നാണ് തിങ്കളാഴ്ച ലുധിയാനയിൽ നടത്തിയ പ്രഖ്യാപനം. വീട്ടിൽ അമ്മയും മകളും മരുമകളുമുണ്ടെങ്കിൽ അവരുടെയെല്ലാം അക്കൗണ്ടുകളിൽ 1000 രൂപവീതം എല്ലാ മാസവും എത്തുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ഒരുകോടി വോട്ടർമാർക്ക് ഇതിന്റെ ഗുണഫലം ലഭിക്കും. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കണക്കനുസരിച്ച് 96.19 ലക്ഷമാണ് പഞ്ചാബിലെ വനിതാവോട്ടർമാർ.

ഡൽഹിയിൽ നടപ്പാക്കിയതുപോലെ വെള്ളവും വൈദ്യുതിയും സൗജന്യമാക്കുന്ന പദ്ധതി പഞ്ചാബിൽ നടപ്പാക്കുമെന്ന് നേരത്തേ കെജ്‌രിവാൾ പ്രഖ്യാപിച്ചിരുന്നു. 2017-ൽ എ.എ.പി. പഞ്ചാബിൽ 20 സീറ്റ് നേടിയിരുന്നു. എന്നാൽ, ആഭ്യന്തരകലഹത്തെത്തുടർന്ന് ഒമ്പതുപേർ പാർട്ടി വിട്ടു.

കോൺഗ്രസിനെ കടന്നാക്രമിച്ച്

പഞ്ചാബിലെ കോൺഗ്രസ് മുഖ്യമന്ത്രി ചരൺജിത് ചന്നിയെ തന്റെ വ്യാജൻ എന്നാണ് കെജ്‌രിവാൾ തിങ്കളാഴ്ച മോഗയിൽ വിശേഷിപ്പിച്ചത്. ‘‘കഴിഞ്ഞ ദിവസങ്ങളിൽ പഞ്ചാബിൽ ചുറ്റിക്കറങ്ങുന്ന ഈ വ്യാജ കെജ്‌രിവാൾ ഞാൻ വാഗ്ദാനം ചെയ്യുന്നതൊക്കെ പ്രഖ്യാപിക്കുന്നു. എന്നാൽ, അതൊന്നും നടപ്പാക്കുന്നില്ല. അയാളെ ശ്രദ്ധിക്കണം. യഥാർഥ കെജ്‌രിവാളിനു മാത്രമേ വാഗ്ദാനം നടപ്പാക്കാനാവൂ’’ -അദ്ദേഹം പറഞ്ഞു.