ന്യൂഡൽഹി: എം.പി.മാരുടെ ഫോൺവിളിയുടെ വിവരങ്ങൾ അനുമതിയില്ലാതെ ശേഖരിക്കുന്നത് അവരുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നുവെങ്കിൽ അത് അവകാശലംഘനമാണെന്ന് പാർലമെന്ററി സമിതി.

2013-ൽ ബി.ജെ.പി. നേതാവ് അരുൺ ജെയ്റ്റ്‌ലിയുടെ മൊബൈൽ ഫോണുകൾ നിരീക്ഷിച്ചുവെന്ന പരാതി പരിശോധിക്കുന്ന രാജ്യസഭാ അവകാശ സമിതിയുടേതാണ് ഈ പ്രസ്താവന. ‘എല്ലാ സത്യസന്ധതയോടെ’യും ക്രിമിനൽ കേസെടുത്ത് സംഭവം അന്വേഷിക്കാൻ സമിതി ഡൽഹി പോലീസിനോടു നിർദേശിച്ചു. കേസിലെ ജുഡീഷ്യൽ നടപടികളുടെ ഫലം അറിയിക്കണമെന്നും ആവശ്യപ്പെട്ടു.

ജെയ്‌റ്റ്‌ലിയുടെ ഫോൺവിളി വിവരം പരിശോധിച്ചത് അനധികൃതമാണെന്നു പറഞ്ഞ സമിതി, അത് അവകാശലംഘനമല്ലെന്നാണ് മുൻ റിപ്പോർട്ടിൽ വ്യക്തമാക്കിയത്. ഇതിനെതിരേ കക്ഷിഭേദമന്യേ സഭാംഗങ്ങൾ രംഗത്തെത്തിയതോടെയാണ് റിപ്പോർട്ട് പുനഃപരിശോധിച്ചത്. ഇതിൻറെ ഭാഗമായി ഡൽഹി പോലീസ് കമ്മിഷണറെ സമിതി കണ്ടിരുന്നു. അറ്റോർണി ജനറലിന്റെ അഭിപ്രായവും തേടി.

2013-ൽ രാജ്യസഭാ പ്രതിപക്ഷനേതാവായിരുന്ന ജെയ്റ്റ്‌ലിയുടെ ഫോൺവിളികൾ നിരീക്ഷിച്ച സംഭവത്തിൽ ഏതാനും സഭാംഗങ്ങളാണ് അവകാശലംഘന നോട്ടീസ് നൽകിയത്.

Content Highlights: Arun Jaitley, phone surveillance