പ്രധാനമന്ത്രി നരേന്ദ്രമോദി: ബൗദ്ധികമായ ഔന്നത്യവും നിയമപാണ്ഡിത്യവുമുള്ള ഉന്നതനായ രാഷ്ട്രീയനേതാവായിരുന്നു ജെയ്റ്റ്‌ലി. രാജ്യത്തിന് അദ്ദേഹം നിസ്തുലമായ സംഭാവനകൾ നൽകി. ബി.ജെ.പി.യും ജെയ്റ്റ്‌ലിയും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. അടിയന്തരാവസ്ഥക്കാലത്ത് രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കാനായി ശക്തമായി പോരാടിയ വിദ്യാർഥിനേതാവായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് പാർട്ടിപരിപാടികൾ വിശദീകരിച്ചുകൊടുത്ത ജനപ്രിയ മുഖമായിരുന്നു അദ്ദേഹം.

അദ്വാനി: നിയമരംഗത്തെ പ്രതിഭയും മികച്ച പാർലമെന്റേറിയനും ഉന്നതനായ ഭരണാധികാരിയുമായിരുന്നു ജെയ്റ്റ്‌ലി. സങ്കീർണമായവിഷയങ്ങളിൽ പരിഹാരം കണ്ടെത്തുന്നതിന് പാർട്ടിയിൽ എല്ലാവരും അദ്ദേഹത്തെ ആശ്രയിച്ചിരുന്നു. രാഷ്ട്രീയഭേദമില്ലാതെ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന നേതാവായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം ബി.ജെ.പിക്കും സംഘപരിവാറിനും മാത്രമല്ല, രാജ്യത്തിനും നഷ്ടമാണ്.

അമിത് ഷാ: ജെയ്റ്റ്‌ലിയുടെ നിര്യാണം വ്യക്തിപരമായ നഷ്ടമാണ്. പാർട്ടിയിലെ മുതിർന്ന നേതാവിനെ മാത്രമല്ല, ദീർഘകാലം എനിക്കു മാർഗനിർദേശങ്ങൾ നൽകിയ കുടുംബാംഗത്തെയാണ് നഷ്ടമായിരിക്കുന്നത്.

വി. മുരളീധരൻ: ജെയ്റ്റ്‌ലിയുടെ നിര്യാണം കനത്ത ദുഃഖത്തിലാഴ്ത്തുന്നു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകരാതെ പിടിച്ചുനിർത്തിയതും വളർച്ചയ്ക്കു വിത്തുപാകിയതും ജെയ്റ്റ്‌ലി എന്ന വിവേകമതിയായ ധനകാര്യമന്ത്രിയുടെ പക്വമായ പരിഷ്കരണങ്ങളായിരുന്നു.

സോണിയാ ഗാന്ധി: പൊതുജീവിതത്തിന് അരുൺ ജെയ്റ്റ്‌ലി നൽകിയ സംഭാവനകൾ എന്നും ഓർമിക്കപ്പെടും. പാർലമെന്റേറിയനായും മന്ത്രിയായും ഏറെക്കാലം പ്രവർത്തിച്ച അദ്ദേഹത്തിന്റെ വിയോഗം വേദനിപ്പിക്കുന്നതാണ്.

രാഹുൽ ഗാന്ധി: ജെയ്റ്റ്‌ലിയുടെ വിയോഗത്തിൽ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അനുശോചനമറിയിക്കുന്നു. ആത്മശാന്തി നേരുന്നു.

മൻമോഹൻ സിങ്: ജെയ്റ്റ്‌ലിയുടെ അകാല നിര്യാണത്തിലൂടെ മഹാനായ നേതാവിനെയാണ് രാജ്യത്തിനു നഷ്ടമായത്. പ്രഗല്ഭനായ അഭിഭാഷകനും മികച്ച പ്രസംഗകനും വിശിഷ്ട പാർലമെന്റേറിയനുമായിരുന്നു അദ്ദേഹം.

എ.കെ. ആന്റണി: കേരളത്തോട് അനുഭാവം കാട്ടിയ നേതാവായിരുന്നു ജെയ്റ്റ്‌ലി. നോട്ടുനിരോധന സമയത്ത് കേരളത്തിലെ സഹകരണസംഘങ്ങളിൽ പ്രതിസന്ധിയുണ്ടായപ്പോൾ കേരളത്തിൻറെ ആവശ്യത്തിന് അനുകൂലമായ ശ്രമം നടത്തി. കർക്കശമായ രാഷ്ട്രീയനിലപാട് തുടരുമ്പോഴും എല്ലാവരോടും ഒരുപോലെ പെരുമാറാൻ കഴിയുന്ന അദ്ദേഹത്തിന്റെ മാതൃക അനുകരണീയമാണ്.

വേണുഗോപാൽ‍: രാഷ്ട്രീയത്തിനതീതമായി വ്യക്തിബന്ധങ്ങൾക്കു വില കൽപ്പിച്ച നേതാവായിരുന്നു ജെയ്റ്റ്‌ലി. പാർലമെന്റിൽ മികച്ച പ്രകടനം നടത്തുന്ന അംഗങ്ങളെ നേരിട്ട് അഭിനന്ദിക്കാൻ ശ്രദ്ധകാട്ടി.

ബിനോയ് വിശ്വം: വ്യത്യസ്തനായ സംഘപരിവാർ നേതാവായിരുന്നു ജെയ്റ്റ്‌ലി. തന്റെ ആശയത്തിൽ ഉറച്ചുനിൽക്കുമ്പോഴും ശാന്തനും സംസ്കാരസമ്പന്നനുമായിരുന്നു.

കോൺഗ്രസ് നേതാക്കളായ പി.സി. ചാക്കോ, കെ.വി. തോമസ്, എം.കെ. രാഘവൻ എം.പി., മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ആർ.എസ്.പി. നേതാവ് എൻ.കെ. പ്രേമചന്ദ്രൻ, അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ തുടങ്ങിയവരും അനുശോചിച്ചു.

Content Highlights: Arun Jaitley passes away