മുൻ ധനമന്ത്രിയും മുതിർന്ന ബി.ജെ.പി.നേതാവും അഭിഭാഷകനുമായ അരുൺ ജെയ്റ്റ്‌ലി അന്തരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12.07-ന് ഡൽഹി എയിംസിലായിരുന്നു അന്ത്യം. 66 വയസ്സായിരുന്നു. ഈ മാസം ഒൻപതിനു ശ്വാസതടസ്സത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ജീവൻ ഒരാഴ്ചയായി ഉപകരണങ്ങളുടെ സഹായത്തോടെയാണ് നിലനിർത്തിയിരുന്നത്. വെള്ളിയാഴ്ച വൈകീട്ടോടെ നില അതീവഗുരുതരമായി. മരണസമയത്ത് ഭാര്യ സംഗീത, മക്കളായ സൊണാലി, രോഹൻ എന്നിവർ അടുത്തുണ്ടായിരുന്നു.

എ.ബി. വാജ്‌പേയി, നരേന്ദ്രമോദി സർക്കാരുകളിൽ ധനകാര്യം, പ്രതിരോധം, വാർത്താവിതരണം, നിയമം, വാണിജ്യം തുടങ്ങിയ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്ത ജെയ്റ്റ്‌ലി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനുമായിരുന്നു. ഒന്നാം മോദിമന്ത്രിസഭയിലെ രണ്ടാമനെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന അദ്ദേഹം പ്രധാനമന്ത്രിയുടെ വലംകൈയായിരുന്നു. മുൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ മരണത്തിനു 18 ദിവസങ്ങൾക്കുശേഷമാണ് ദേശീയനിരയിലെ ഒരു അതികായനെക്കൂടി ബി.ജെ.പി.ക്കു നഷ്ടമാവുന്നത്.

ജെയ്റ്റ്‌ലിയുടെ മൃതദേഹം ഞായറാഴ്ച ഉച്ചയ്ക്ക് 11-നു ബി.ജെ.പി.ആസ്ഥാനത്ത് പൊതുദർശനത്തിനുെവക്കും. രണ്ടുമണിക്ക് നിഗംബോധ്ഘട്ടിൽ ശവസംസ്കാരം നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ. സന്ദർശനത്തിനിടയിലാണു മരണം സംഭവിച്ചത്. കുടുംബാംഗങ്ങളുമായി ഫോണിൽ സംസാരിച്ച അദ്ദേഹം അവരെ ആശ്വസിപ്പിച്ചു. വിദേശ സന്ദർശനം വെട്ടിച്ചുരുക്കേണ്ടതില്ലെന്ന് അവർ പ്രധാനമന്ത്രിയോട് അഭ്യർഥിച്ചതായാണു സൂചന.

പ്രമേഹത്തെത്തുടർന്നുണ്ടായ വൃക്കരോഗങ്ങളുടെ പിടിയിലായിരുന്നു രണ്ടുവർഷമായി ജെയ്റ്റ്‌ലി. പ്രമേഹം മൂലമുണ്ടായ അമിതവണ്ണം കുറയ്ക്കുന്നതിന് 2014 സെപ്റ്റംബറിൽ ബറിയാട്രിക് ശസ്ത്രക്രിയയ്ക്കു വിധേയനായി. തുടർന്ന് ജോലികളിലും പാർട്ടിപ്രവർത്തനത്തിലും സജീവമായെങ്കിലും ക്രമേണ വിവിധ ശാരീരികാസ്വസ്ഥതകൾ ബാധിച്ചു. അനാരോഗ്യം മൂലം 2018 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ ധനമന്ത്രാലയത്തിൽ സ്ഥിരമായി എത്താൻ കഴിഞ്ഞിരുന്നില്ല. ഓഗസ്റ്റ് മുതൽ ഓഫീസിലെത്തിയെങ്കിലും ആരോഗ്യപ്രശ്നങ്ങൾ വീണ്ടും ഉയർന്നു. ഇതേത്തുടർന്ന്, ഇക്കഴിഞ്ഞ മേയിൽ അദ്ദേഹത്തെ എയിംസിൽ പ്രവേശിപ്പിച്ചു. മേയ് 14-നു വൃക്ക മാറ്റിവെച്ചു. എന്നാൽ, ആരോഗ്യം വീണ്ടെടുക്കാനായില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽനിന്നു വിട്ടുനിന്ന ജെയ്റ്റ്‌ലി രണ്ടാം മോദി മന്ത്രിസഭയിൽനിന്ന് ഇക്കാരണത്താൽ സ്വയം പിന്മാറുകയായിരുന്നു.

ശനിയാഴ്ച മരണവാർത്തയറിഞ്ഞതോടെ പാർട്ടി അധ്യക്ഷൻ അമിത് ഷായടക്കമുള്ള കേന്ദ്രമന്ത്രിമാരും നേതാക്കളും പ്രവർത്തകരും എയിംസിൽ എത്തി. മൂന്നുമണിയോടെ മൃതദേഹം കൈലാഷ് കോളനിയിലെ വസതിയിൽ കൊണ്ടുവന്നു. മൃതദേഹത്തിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തുടങ്ങിയ നേതാക്കൾ ആദരാഞ്ജലിയർപ്പിച്ചു.

Content Highlights: Arun Jaitley passes away