ന്യൂഡൽഹി: മുൻ ധനമന്ത്രിയും ബി.ജെ.പി. നേതാവുമായ അരുൺ ജെയ്റ്റ്‌ലിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഒരാഴ്ചയായി എയിംസിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ വെന്റിലേറ്ററിലേക്കു മാറ്റിയെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.

ശ്വാസസംബന്ധമായ പ്രശ്നങ്ങളുമായി ഓഗസ്റ്റ് ഒമ്പതിനാണു ജെയ്റ്റ്‌ലിയെ എയിംസിൽ പ്രവേശിപ്പിച്ചത്. ആരോഗ്യപ്രശ്നങ്ങളെത്തുടർന്നാണു രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയിൽനിന്ന് അദ്ദേഹം ഒഴിഞ്ഞുനിന്നത്. കഴിഞ്ഞതവണ മന്ത്രിയായിരിക്കെ രണ്ടുതവണ ചികിത്സയ്ക്കായി അമേരിക്കയിൽ പോയി. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കും വിധേയനായി.

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ, ബി.എസ്.പി. നേതാവ് മായാവതി, കോൺഗ്രസ് നേതാക്കളായ അഭിഷേക് സിംഘ്‍വി, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവർ ശനിയാഴ്ച ആശുപത്രിയിൽ അദ്ദേഹത്തെ സന്ദർശിച്ചു.