ന്യൂഡൽഹി: നരേന്ദ്രമോദി പ്രധാനമന്ത്രിയായി വീണ്ടും അധികാരമേൽക്കുമ്പോൾ മന്ത്രിസഭയിൽ അരുൺ ജെയ്റ്റ്‌ലി (66) ഉണ്ടായേക്കില്ല. രോഗബാധിതനായ അദ്ദേഹം ചികിത്സയ്ക്കായി അമേരിക്കയിലോ ബ്രിട്ടനിലോ പോകും. എന്ത് അസുഖമാണ് അദ്ദേഹത്തിനെന്ന വിവരം വെളിപ്പെടുത്തിയിട്ടില്ല. 2014-ൽ അമൃത്‌സറിൽ മത്സരിച്ചു തോറ്റിട്ടും മോദി ജെയ്റ്റ്‌ലിയെ ധനമന്ത്രിയാക്കുകയായിരുന്നു. ഇത്തവണ അദ്ദേഹം മത്സരിച്ചില്ല.

ഏതാനും ആഴ്ചകളായി ജെയ്‌റ്റ്‌ലിയുടെ ആരോഗ്യനില വഷളായിരിക്കുകയാണെന്ന് അദ്ദേഹത്തോടടുത്ത കേന്ദ്രങ്ങൾ പറഞ്ഞു. തൊണ്ടയിലെ അസുഖംമൂലം ഏറെനേരം സംസാരിക്കുന്നതിനു ബുദ്ധിമുട്ടുണ്ട്. 2018 മേയിൽ അദ്ദേഹത്തിന്‌ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു. 2014-ൽ അമിതവണ്ണം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്കും കാലിലെ അർബുദബാധയെത്തുടർന്ന് ഈവർഷം ജനുവരിയിൽ തൊലിമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കും വിധേയനായി.

മൂന്നാഴ്ചയായി ജെയ്‌റ്റ്‌ലി ഓഫീസിൽ വരുന്നില്ല. ഈയാഴ്ചയാദ്യം അദ്ദേഹത്തെ എയിംസിൽ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ച ആശുപത്രി വിട്ടെങ്കിലും ബി.ജെ.പി. ആസ്ഥാനത്തുനടന്ന വിജയാഘോഷങ്ങളിലൊന്നും പങ്കെടുത്തില്ല. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് മന്ത്രിസ്ഥാനം ഏറ്റെടുക്കാനാവില്ലെന്ന് അദ്ദേഹം ബന്ധപ്പെട്ടവരെ അറിയിച്ചെന്നാണ്‌ വിവരം.

തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതിനു പിന്നാലെ ട്വിറ്ററിലും ബ്ലോഗിലും ജെയ്‌റ്റ്‌ലി കുറിപ്പുകളെഴുതിയിരുന്നു. എന്നാൽ, 16-ാം ലോക്‌സഭ പിരിച്ചുവിടുന്നതിനായി വെള്ളിയാഴ്ച വിളിച്ചുചേർത്ത മന്ത്രിസഭായോഗത്തിൽ പങ്കെടുത്തില്ല. അദ്ദേഹത്തിനു ചുമതലയുണ്ടായിരുന്ന മന്ത്രാലയങ്ങളിലെ അഞ്ചു സെക്രട്ടറിമാരുമായി വീട്ടിൽ ജെയ്റ്റ്‌ലി കൂടിക്കാഴ്ച നടത്തിയതായി വിവരമുണ്ട്.

അഭിഭാഷകനായ ജെയ്റ്റ്‌ലി മോദി സർക്കാരിലെ പ്രധാന ഉപദേശകരിൽ ഒരാളായിരുന്നു. അദ്ദേഹം ധനമന്ത്രിയായിരിക്കെയാണ് രാജ്യത്ത് ചരക്ക്-സേവന നികുതി (ജി.എസ്.ടി.) നടപ്പാക്കിയത്. മുത്തലാഖ് നിരോധന ബിൽ കൊണ്ടുവരുന്നതിൽ പ്രധാനപങ്കുവഹിച്ചു.

Content Highlights: Arun Jaitley, Finance Minister