ന്യൂഡല്‍ഹി: അപ്രതീക്ഷിതമായി പെയ്ത കനത്തമഴയെ സാക്ഷിയാക്കി മുൻ കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ മൃതദേഹം യമുനാതീരത്തെ നിഗംബോധ്ഘട്ട് ശ്മശാനത്തിൽ തീനാളങ്ങൾ ഏറ്റുവാങ്ങി. ഞായറാഴ്ച വൈകീട്ട് 3.27-ന് പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങുകൾ. മകൻ രോഹൻ അന്ത്യകർമകൾ നിർവഹിച്ചു.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, രാജ്‌നാഥ് സിങ് ഉൾപ്പടെയുള്ള കേന്ദ്രമന്ത്രിമാർ, പ്രതിപക്ഷ നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, മോട്ടിലാൽ വോറ, ശരദ് പവാർ, പ്രഫുൽ പട്ടേൽ, എൽ.കെ. അദ്വാനിയടക്കമുള്ള മുതിർന്ന നേതാക്കൾ, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി, കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ബാബാ രാം ദേവ്, ജെയ്റ്റ്‌ലിയുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ എത്തിയിരുന്നു.

മൃതദേഹം എരിഞ്ഞടങ്ങുമ്പോൾ ‘ജെയ്റ്റ്‌ലി അനശ്വരൻ’ എന്നു പാർട്ടിപ്രവർത്തകരും അനുയായികളും ഉറക്കെ വിളിച്ചു. ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസിലായതിനാൽ ചടങ്ങുകൾക്കെത്തിയില്ല. യാത്ര വെട്ടിച്ചുരുക്കേണ്ടതില്ലെന്ന് ശനിയാഴ്ച ജെയ്റ്റ്‌ലിയുടെ കുടുംബാംഗങ്ങൾ മോദിയോടു പറഞ്ഞിരുന്നു.

ശനിയാഴ്ച ഡൽഹിയിലെ എയിംസ് ആശുപത്രിയിലാണ് ജെയ്റ്റ്‌ലി അന്തരിച്ചത്. ഞായറാഴ്ച രാവിലെ 10.30 വരെ കൈലാഷ് കോളനിയിലെ വീട്ടിൽ പൊതുദർശനത്തിനുവെച്ച മൃതദേഹത്തിൽ ബി.ജെ.പി. ദേശീയാധ്യക്ഷൻ അമിത് ഷാ, വർക്കിങ് പ്രസിഡന്റ് ജെ.പി. നഡ്ഡ, കേന്ദ്രമന്ത്രിമാർ, രാഷ്ട്രീയനേതാക്കൾ തുടങ്ങിയവർ അന്ത്യാഞ്ജലിയർപ്പിച്ചു.

പതിനൊന്നോടെ സൈനിക വാഹനത്തിൽ മൃതദേഹം ദീൻ ദയാൽ ഉപാധ്യായ മാർഗിലെ ബി.ജെ.പി. അസ്ഥാനത്തെത്തിച്ചു. കേരളസർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും വേണ്ടി ധനമന്ത്രി ഡോ. തോമസ് ഐസക് പുഷ്പചക്രമർപ്പിച്ചു.

കേരളാ ഗവർണർക്കുവേണ്ടി കേരള ഹൗസ് റെസിഡന്റ് കമ്മിഷണർ പുനീത്കുമാറും സംസ്ഥാനസർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി ഡോ. എ. സമ്പത്തിനുവേണ്ടി ലെയ്സൺ ഓഫീസർ ഡി. രാഗേഷും അന്ത്യോപചാരം അർപ്പിച്ചു.

content highlights: arun jaitley cremated with state honours