ന്യൂഡൽഹി: വായ്പത്തിരിച്ചടവിൽ വീഴ്ചവരുത്തുന്ന കമ്പനികളെ പാപ്പരായി പ്രഖ്യാപിക്കുന്നതു സംബന്ധിച്ച സർക്കുലർ സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തിൽ ഇക്കാര്യത്തിൽ എന്തുചെയ്യണമെന്ന് റിസർവ് ബാങ്ക് തീരുമാനിക്കുമെന്ന് കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പറഞ്ഞു. സർക്കുലറിന്റെ അഭാവത്തിൽ, നിലവിലെ വിപണി സാഹചര്യമനുസരിച്ച് എന്തു നടപടി സ്വീകരിക്കണമെന്ന് ആർ.ബി.ഐ. തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2018 ഫെബ്രുവരി 12-ന് ഇറക്കിയ സർക്കുലർ ചോദ്യംചെയ്ത് ഊർജം, ഷിപ്പിങ്, പഞ്ചസാര വ്യവസായം തുടങ്ങിയ മേഖലകളിലെ വിവിധ സ്ഥാപനങ്ങൾ (എസ്സാർ പവർ, ജി.എം.ആർ. എനർജി, കെ.എസ്.കെ. എനർജി, രത്തൻ ഇന്ത്യ പവർ) കോടതിയെ സമീപിക്കുകയായിരുന്നു. വിവിധ ഹൈക്കോടതികളിലെ കേസ് പിന്നീട് സുപ്രീംകോടതിയിലേക്ക് മാറ്റി.

വായ്പക്കുടിശ്ശിക 5.65 ലക്ഷം കോടിയായത് (2018 മാർച്ച് വരെയുള്ളത്) തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാരണങ്ങളാലാണെന്ന് ഊർജമേഖലയിലെ കമ്പനികൾ വാദിച്ചു. ഇന്ധനത്തിന്റെ ലഭ്യതയും കൽക്കരിപ്പാടങ്ങളുടെ അനുമതി റദ്ദാക്കിയതുമെല്ലാം ഉദാഹരണമായി ചൂണ്ടിക്കാട്ടി. സെപ്റ്റംബറിൽ കേസ് പരിഗണിച്ച സുപ്രീംകോടതി, വായ്പതിരിച്ചടവിന്റെ കാര്യത്തിൽ തത്‌സ്ഥിതി നിലനിർത്താനും വീഴ്ചവരുത്തിയ കമ്പനികളെ പാപ്പരായി പ്രഖ്യാപിക്കാൻ നടപടികളാരംഭിക്കരുതെന്നും നിർദേശിച്ചു.

വിവിധ സ്ഥാപനങ്ങളെ ഒരേപോലെ കണ്ട് പാപ്പരായി പ്രഖ്യാപിക്കൽ നടപടി നിർദേശിക്കാനാവില്ലെന്ന് ഊർജമേഖലയിലെ കമ്പനികൾക്കുവേണ്ടി ചൊവ്വാഴ്ച മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി വാദിച്ചു. നിരക്കു നിശ്ചയിക്കൽ ഉൾപ്പെടെ കടുത്ത നിയന്ത്രണങ്ങൾ നേരിട്ടാണ് വൈദ്യുതി കമ്പനികൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതു ശരിവെച്ചുകൊണ്ടാണ് രണ്ടംഗ ബെഞ്ചിന്റെ നടപടി.

ഓരോ മേഖലയും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ വ്യത്യസ്തമാണ്. അവ പരിഗണിക്കാതെ എല്ലാ േമഖലയ്ക്കും പരിഹാരമാർഗം കണ്ടെത്താൻ 180 ദിവസം അനുവദിക്കുന്നത് ‘അസമന്മാരെ സമന്മാരായി’ കണക്കാക്കലാണെന്നും ഇത് ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ (നിയമത്തിനു മുന്നിൽ തുല്യതയ്ക്കുള്ള അവകാശം) ലംഘനമാണെന്നും പരാതിക്കാർ വാദിച്ചു.

ബാങ്കിങ് റെഗുലേഷൻ നിയമത്തിലെ 35 എ, 35 എ.എ. വകുപ്പുകൾ പ്രകാരം ഇത്തരം സർക്കുലർ ഇറക്കാൻ റിസർവ് ബാങ്കിന് അധികാരമുണ്ടോയെന്നാണ് സുപ്രീംകോടതി പരിശോധിച്ചത്. ബാങ്കിങ് സ്ഥാപനങ്ങളോടു നിർദേശിക്കാൻ റിസർവ് ബാങ്കിന് അധികാരം നൽകുന്നതാണ് 35 എ വകുപ്പ്. ബാങ്കുകൾക്ക് നിർദേശം നൽകാൻ റിസർവ് ബാങ്കിനെ ചുമതലപ്പെടുത്താൻ കേന്ദ്രത്തിന് അധികാരം നൽകുന്നതാണ് 35 എ.എ. വകുപ്പ്. 2017-ൽ നിയമഭേദഗതിയിലൂടെയാണ് ഈ വകുപ്പ് കൊണ്ടുവന്നതെന്നും കേന്ദ്രസർക്കാരിൻറെ അനുമതിയുടെ ആവശ്യമില്ലെന്നും റിസർവ് ബാങ്ക് വാദിച്ചെങ്കിലും സുപ്രീംകോടതി അംഗീകരിച്ചില്ല.