ന്യൂഡൽഹി: കുടുംബവാഴ്ച രാജ്യത്തെ രാഷ്ട്രീയഘടന തകർത്തെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ആരോപിച്ചു. കുടുംബാധിപത്യം രാഷ്ട്രീയപ്പാർട്ടികളെ നിയന്ത്രിക്കുന്ന നിർഭാഗ്യകരമായ പ്രതിഭാസം 30 വർഷമായി ശക്തമായിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബ്ലോഗിലൂടെയാണ് ജെയ്റ്റ്‌ലിയുടെ അഭിപ്രായപ്രകടനം.

കുടുംബവാഴ്ചയെന്ന സങ്കല്പം യഥാർഥത്തിൽ സൃഷ്ടിച്ചത് കോൺഗ്രസാണ്. അവർക്ക് പുതിയ നേതാക്കളെയോ പുതിയ പ്രതിഭകളെയോ ആകർഷിക്കാൻ കഴിയുന്നില്ല. അതിനാൽ കുടുംബാധിപത്യപാർട്ടികളുടെ ജനാധിപത്യസ്വഭാവം കുറഞ്ഞുവരികയാണ്.

അവയുടെ നിലവിലെ നേതാക്കൾക്ക് കരുത്തും മത്സരശേഷിയും വ്യക്തിപ്രഭാവവും ഉണ്ടെങ്കിൽ അണികൾ അവരെ പിന്തുടരും. നേതാക്കൾക്ക് ഈ കഴിവ് നഷ്ടമായാൽ അണികൾക്ക് നൈരാശ്യമാകും. കോൺഗ്രസ് ഈ അവസ്ഥയിലാണോയെന്ന് ജെയ്റ്റ്‌ലി ചോദിച്ചു.