കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും രൂക്ഷമായി വിമർശിച്ച് മന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. രാജ്യത്തിന്റെ സ്ഥാപനങ്ങളെ തകർക്കാൻ നടക്കുന്ന കോൺഗ്രസിന് വിവിധ വിഷയങ്ങളിൽ ഇരട്ടത്താപ്പാണെന്നും രാഹുലിന് നരേന്ദ്രമോദിയോട് അസൂയയാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

തോറ്റ കുട്ടിക്ക് ക്ലാസിൽ മുന്നിലുള്ളയാളോട് തോന്നുന്ന വെറുപ്പാണ് രാഹുലിന് മോദിയോട്. പാർലമെന്റിൽ അനാവശ്യ ബഹളമുണ്ടാക്കുന്ന കോൺഗ്രസിന്റെ ബൗദ്ധികവിടവ് നികത്തുന്നത് പ്രതിപക്ഷാംഗങ്ങളായ എൻ.കെ. പ്രേമചന്ദ്രനും (ആർ.എസ്.പി.) ഭർതൃഹരി മെഹ്താബു (ബി.ജെ.ഡി)മാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

സൈന്യത്തിനും റിസർവ് ബാങ്കിനും ജുഡീഷ്യറിക്കും എതിരേ വ്യാജപ്രചാരണം നടത്തുന്ന കോൺഗ്രസിന് വിവിധ വിഷയങ്ങളിൽ പരസ്പരവിരുദ്ധ നിലപാടുകളാണ്. കേരളത്തിൽ അവർ ക്യാമറയ്ക്കുമുന്നിൽ പശുവിനെ കശാപ്പുചെയ്യുന്നു. മധ്യപ്രദേശിൽ പശുവിനെ കൊന്നവർക്കെതിരേ രാജ്യസുരക്ഷാ നിയമപ്രകാരം കേസെടുക്കുന്നു. സർക്കാരിനെ പരമാവധി വിമർശിച്ചശേഷം ഇവിടെ അഭിപ്രായസ്വാതന്ത്ര്യമില്ലെന്നും പറയും. ജനാധിപത്യത്തിനുവേണ്ടി മുതലക്കണ്ണീരൊഴുക്കിയ ശേഷം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് കുടുംബാധിപത്യം നടപ്പാക്കുന്നു.

’ആക്രമിക്കപ്പെടുന്ന സ്ഥാപനങ്ങൾ- പുതിയ കെട്ടിച്ചമയ്ക്കൽ’ എന്ന തലക്കെട്ടിലാണ് ജെയ്റ്റ്‌ലി ഫെയ്സ്ബുക്കിലെഴുതിയത്. റിസർവ് ബാങ്ക്, ജുഡീഷ്യറി, സൈന്യം എന്നിവയെല്ലാം തകർക്കുന്ന നടപടികളാണ് കോൺഗ്രസ് ചെയ്യുന്നത്. ഇത്തരം സ്ഥാപനങ്ങളുടെ സംരക്ഷകരെന്ന് പറഞ്ഞുകൊണ്ട് അവയ്ക്കെതിരേ വ്യാജ പ്രചാരണം നടത്തുന്നു. എന്നിട്ടും അവർ പറയുന്നു രാജ്യത്തിന്റെയും സ്ഥാപനങ്ങളുടെയും സുഹൃത്താണെന്ന്.

രണ്ടുമാസത്തിനിടെ ഒട്ടേറെ വ്യാജ പ്രചാരണങ്ങളാണ് നടന്നത്. അതിനൊന്നും വലിയ ഫലമുണ്ടാക്കാൻ സാധിച്ചില്ല. ഒരു തെറ്റിൽനിന്ന് മറ്റൊന്നിലേക്ക് അവർ ചാടിക്കൊണ്ടിരിക്കുകയാണ്.

ബംഗാളിൽ ജനാധിപത്യം ഭീഷണിയിലാണ്. ബി.ജെ.പി. നേതാക്കൾക്ക് അവിടെ ഇറങ്ങാനാകുന്നില്ല. പൊതുയോഗങ്ങൾ തടയുകയും രഥയാത്രയ്ക്ക് അനുമതി നിഷേധിക്കുകയും ചെയ്യുന്നു. രാവിലെ 11 മണിയായാൽ പാർലമെന്റിന്റെ രണ്ടു സഭയും തടസ്സപ്പെടുത്താനാണ് കോൺഗ്രസ് ആലോചിക്കുന്നത്. മറ്റാരേക്കാളുമേറെ ഇന്ത്യൻ പാർലമെന്റിന്റെ പ്രതിച്ഛായ നശിപ്പിച്ചയാൾ എന്നാകും ജവാഹർലാൽ നെഹ്റുവിന്റെ കൊച്ചുമകന്റെ പേര് ചരിത്രം രേഖപ്പെടുത്തുകയെന്നും ജെയ്റ്റ്‌ലി പറയുന്നു.