ന്യൂഡൽഹി: വൃക്കമാറ്റിവെച്ച കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി തുടർപരിശോധനയ്ക്കായി അമേരിക്കയിലേക്കുപോയി. അറുപത്തിയാറുകാരനായ ജെയ്റ്റ്‌ലി ഡൽഹി എയിംസിൽവെച്ചാണ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക്‌ വിധേയനായത്.

തുടർപരിശോധനയും അവിടെ തന്നെയാണ് നടത്തിയിരുന്നത്. എന്നാൽ, അടുത്തിടെ ആരോഗ്യനില മേശമായതിനാലാണ് അമേരിക്കയിൽ തുടർചികിത്സയ്ക്കുപോകാൻ നിശ്ചയിച്ചത്. ഞായറാഴ്ച അമേരിക്കയിലേക്കുപോയ അദ്ദേഹം ഈയാഴ്ചയവസാനം തിരിച്ചെത്തുമെന്നറിയുന്നു.

ജെയ്റ്റ്‌ലിക്ക് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആശംസ നേർന്നു. രോഗം വേഗത്തിൽ ഭേദമായി പൂർണ ആരോഗ്യത്തോടെ അദ്ദേഹം കർമരംഗത്ത് തിരിച്ചെത്തട്ടേയെന്ന് അദ്ദേഹം ട്വീറ്റിലൂടെ ആശംസിച്ചു.